മാഡ്രിഡ്: ലാ ലിഗയിലെയും ചാമ്പ്യന്‍സ് ലീഗിലെയും തിരിച്ചടികള്‍ക്ക് ശേഷം റയല്‍ മാഡ്രിഡ് വീണ്ടും വിജയവഴിയില്‍. ലാ ലിഗയില്‍ ലാസ് പാമാസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് റയല്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്. കാസെമിറോ, അസെന്‍സിയോ, ഇസ്‌കോ എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്.

ലീഗില്‍ 19-ാം സ്ഥാനത്തുള്ള ലാസ് പാമാസിനെതിരെ റയല്‍ ആദ്യ ഗോള്‍ നേടിയത് 41-ാം മിനിറ്റിലാണ്. കാസെമിറോയിലൂടെയായിരുന്നു ഗോള്‍. 56-ാം മിനിറ്റില്‍ അസെന്‍സിയോ റയലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്‌സിന് പുറത്ത് നിന്ന് അസെന്‍സിയോയുടെ ഷോട്ട് ഗോള്‍കീപ്പറെയും മറികടന്ന് വലയിലെത്തി. 

74-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ പാസ്സില്‍ നിന്ന് ഇസ്‌കോയും ഗോള്‍ നേടിയതോടെ റയലിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. ജയത്തോടെ 23 പോയിന്റുള്ള റയല്‍ മൂന്നാം സ്ഥാനത്താണ്. 

Content Highlights: Real Madrid La Liga Las Palmas Football Cristiano Ronaldo