മഡ്രിഡ്: സ്പാനിഷ് ലാലിഗ കിരീടജേതാക്കളെ നിര്‍ണയിക്കുന്നതില്‍ പ്രധാനമാകുമെന്നു കരുതുന്ന 'എല്‍ ക്ലാസിക്കോ' മത്സരം ഞായറാഴ്ച രാത്രി 1.30 മുതല്‍. ലീഗില്‍ ഒപ്പത്തിനൊപ്പം നീങ്ങുന്ന ബാഴ്സലോണയും റയല്‍ മഡ്രിഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ വിജയിക്കുന്നവര്‍ക്ക് കിരീടത്തിലേക്കുള്ള വഴി എളുപ്പമാകും. റയല്‍ മഡ്രിഡിന്റെ ഗ്രൗണ്ടിലാണ് കളി.

25 കളിയില്‍ 55 പോയന്റുള്ള ബാഴ്സലോണയാണ് ഇപ്പോള്‍ പോയന്റ് പട്ടികയില്‍ മുന്നില്‍. ഇത്രയും കളിയില്‍ 53 പോയന്റുമായി റയല്‍ മഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. അവസാന മത്സരത്തില്‍ ലെവന്റെയോട് (10) തോറ്റതാണ് റയലിന് തിരിച്ചടിയായത്. ലീഗിലെ അവസാന മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ ഹാട്രിക്കില്‍ അയ്ബറിനെ 5-0ത്തിന് തോല്‍പ്പിച്ച് ബാഴ്സലോണ പട്ടികയില്‍ മുന്നിലെത്തി.

അതിനുശേഷം ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണ നാപ്പോളിയുമായി സമനില (11) വഴങ്ങിയപ്പോള്‍ റയല്‍ 2-1ന് മാഞ്ചെസ്റ്റര്‍ സിറ്റിയോട് തോറ്റു. ലാലിഗയില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയവും ഒരുപോലെയാണ് (72 വീതം). ആകെ മത്സരങ്ങളില്‍ ബാഴ്‌സ 96 തവണ ജയിച്ചപ്പോള്‍ റയലിന് 95 വിജയമുണ്ട്.

ഇക്കുറി പ്രമുഖതാരങ്ങളുടെ പരിക്ക് ഇരുടീമുകളെയും ഒരുപോലെ അലട്ടുന്നു. റയലില്‍ ഈഡന്‍ ഹസാര്‍ഡ്, മാര്‍ക്കോ അസെന്‍സിയോ എന്നിവര്‍ പരിക്കിലാണ്. ബാഴ്സലോണയില്‍ ലൂയി സുവാരസ്, ഒസ്മാനെ ഡെംബലെ, ജോര്‍ഡി ആല്‍ബ, സെര്‍ജി റോബര്‍ട്ടോ എന്നീ പ്രമുഖര്‍ പരിക്കിന്റെ പിടിയിലാണ്.

Content Highlights: Real Madrid vs Barcelona La Liga Football