മാഡ്രിഡ്: സാന്റിയോഗോ ബെര്‍ണാബ്യുവില്‍ നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ സമനില. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും ഗ്രീസ്മാനും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ ഇരുടീമുകളും 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗ് മുന്നില്‍ കണ്ട് ഇസ്‌കോയ്ക്കും മോഡ്രിച്ചിനുമെല്ലാം വിശ്രമം നല്‍കിയായിരുന്നു റയല്‍ മാഡ്രിഡ് കളത്തിലിറങ്ങിയത്. തുടക്കത്തില്‍ തന്നെ അത്‌ലറ്റിക്കോയുടെ ഗോള്‍മുഖത്തേക്ക് റയല്‍ നിരന്തരം ആക്രമണം നടത്തി. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ അഞ്ചിലധികം കോര്‍ണറുകളാണ് അത്‌ലറ്റിക്കോ വഴങ്ങിയത്.

തുടര്‍ന്ന് 53-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ വന്നത്. ഗരെത് ബെയ്‌ലിന്റെ പാസ്സില്‍ അനായാസ ഫിനിഷിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍. തുടര്‍ച്ചയായ പത്താം മത്സരത്തിലാണ് റൊണാള്‍ഡോ ലക്ഷ്യം കാണുന്നത്.

എന്നാല്‍ റയലിന്റെ ലീഡിന് അധികം ആയുസുണ്ടായില്ല. മൂന്നു മിനിറ്റിനുള്ളില്‍ ഗ്രീസ്മാനിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡ് സമനില ഗോള്‍ കണ്ടെത്തി. വിറ്റോലയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗ്രീസ്മാന്റെ ഗോള്‍. കൊകെയിലൂടെ മത്സരത്തില്‍ മുന്നില്‍ എത്താന്‍ അത്‌ലറ്റിക്കോയ്ക്ക് അവസരമുണ്ടായി എങ്കിലും നവാസിന്റെ ഗംഭീര സേവ് റയലിനെ രക്ഷിച്ചു.

64-ാം മിനിറ്റില്‍ ചാമ്പ്യന്‍സ് ലീഗ് മുന്നില്‍ കണ്ട് ക്രിസ്റ്റ്യാനോയെ കോച്ച് പിന്‍വലിച്ചു. പകരം കരീം ബെന്‍സിമ കളത്തിലെത്തി. അവസാന മിനിറ്റില്‍ റയലിന് മികച്ചൊരു ഫ്രീ കിക്ക് ലഭിച്ചു. എന്നാല്‍ സെര്‍ജിയോ റാമോസെടുത്ത കിക്ക് അത്‌ലറ്റിക്കോ ഗോളി രക്ഷപ്പെടുത്തി. 

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ സതാംപ്ടണെ തോല്‍പ്പിച്ചു. എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെല്‍ബെക്കിന്റെ ഇരട്ടഗോള്‍ മികവില്‍ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ആഴ്‌സണലിന്റെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമായിരുന്നു ആഴ്‌സലണലിന്റെ തിരിച്ചുവരവ്. 

Content Highlights: Real Madrid vs Atletico madrid Draw Football