ക്യാമ്പ് നൗ: എല്‍ ക്ലാസികോ സമനിലയില്‍ പിരിഞ്ഞെങ്കിലും ഇരുടീമുകളുടെ ആരാധകര്‍ തമ്മിലുള്ള അസ്വാരസ്യം ഇപ്പോഴും അവസാനിച്ചിട്ടില്ല. മത്സരത്തിന്റെ ഇടവേളക്കിടയില്‍ ടണലില്‍ വെച്ച് ബാഴ്‌സലോണ താരം ജെറാര്‍ഡ് പിക്വെയും റയല്‍ മാഡ്രിഡ് താരം നാച്ചോയും തമ്മില്‍ നടന്ന സംഭാഷണമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ആദ്യ പകുതിയുടെ അവസാനം ബാഴ്‌സലോണ താരം സെര്‍ജി റോബര്‍ട്ടൊ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഇതാണ് പിക്വെയെ ദേഷ്യം പിടിപ്പിച്ചത്. റഫറിയുടെ പക്ഷഭേദമുണ്ടായിട്ടും അതെല്ലാം മറികടന്നാണ് ബാഴ്‌സലോണ ലാ ലിഗ കിരീടം നേടിയതെന്നായിരുന്നു പിക്വെ നാച്ചോയോട് പറഞ്ഞത്. പക്ഷേ പിക്വെ വായ പൊത്തിപ്പിടിച്ചതിനാല്‍ എന്താണ് പറയുന്നതെന്ന് വീഡിയോയില്‍ വ്യക്തമായി കാണുന്നില്ല. സ്പാനിഷ് മാധ്യമമായ മാഴ്‌സയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. 

ഇതിന് മറുപടി അപ്പോള്‍ തന്നെ നാച്ചോ പറയുന്നുണ്ട്. ഇതുവരെ റയല്‍ മാഡ്രിഡിന്റെ 17 കളിക്കാര്‍ റെഡ് കാര്‍ഡില്‍ പുറത്തു പോയിട്ടുണ്ട്. പിന്നെങ്ങനെ റഫറി പക്ഷഭേദം കാണിച്ചു എന്നു പറയുമെന്നുമാണ് നാച്ചോ വിളിച്ചു പറയുന്നത്. വായയൊന്നും പൊത്തിപ്പിടിക്കാതെയായിരുന്നു നാച്ചോ ഇതു പറഞ്ഞത്.

എന്നാല്‍ പിക്വെയും നാച്ചോയും തമ്മില്‍ ടണലില്‍ വെച്ച് ഒരു അസ്വാരസ്യവും ഉണ്ടായിട്ടില്ലെന്ന് റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് വ്യക്തമാക്കി. നാച്ചോയും പിക്വെയും സുഹൃത്തുക്കളാണെന്നും ദേശീയ തലത്തില്‍ ഒരേ ടീമിന് വേണ്ടി കളിക്കുന്നവരാണെന്നും മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ റാമോസ് ചൂണ്ടിക്കാണിച്ചു. 

അതേസമയം സെര്‍ജി റോബര്‍ട്ടോയ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയതിന് പിന്നാലെ മെസ്സി ഗ്രൗണ്ടില്‍ വെച്ചും ടണലില്‍ വെച്ചും റഫറിയില്‍ സമ്മര്‍ദം ചെലുത്തിയെന്നും റാമോസ് ആരോപിച്ചു. ഫുട്‌ബോളില്‍ ഇങ്ങനെ സംഭവിക്കുന്നത് സാധാരണമാണെന്നും അത് ഗ്രൗണ്ടില്‍ ഉപേക്ഷിച്ചു പോരുന്നതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റെന്നും റാമോസ് കൂട്ടിച്ചേര്‍ത്തു. 

Content Highlights: Real Madrid Tensions boiled over between Pique and Nacho in the tunnel