മഡ്രിഡ്: ഫ്രഞ്ച് ക്ലബ്ബായ റെന്നെസ്സിന്റെ യുവതാരം എഡ്വാര്‍ഡോ കാമവിങ്ങയെ സ്വന്തമാക്കി റയല്‍ മഡ്രിഡ്. ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായ കാമവിങ്ങയെ റയല്‍ സ്വന്തമാക്കിയത്. 

ഫ്രാന്‍സിന്റെ താരമായ ഈ 18 കാരന്‍ റെന്നെസ്സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. കാമവിങ്ങയെ ടീമിലെത്തിക്കാന്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കാര്യമായി ശ്രമങ്ങള്‍ നടത്തിയെങ്കിലും അവസാന നിമിഷം റയല്‍ താരത്തെ തട്ടിയെടുക്കുകയായിരുന്നു.

31 മില്യണ്‍ യൂറോയ്ക്കാണ് താരം റയലിലെത്തിയത്. ആറുവര്‍ഷത്തേക്കാണ് കരാര്‍. അംഗോളയില്‍ ജനിച്ച കാമവിങ പിന്നീട് ഫ്രാന്‍സിലേക്ക് കുടിയേറുകയായിരുന്നു. 2011 മുതല്‍ റെന്നെസ്സിന് വേണ്ടി കളിക്കുന്ന താരമാണ്. 84 മത്സരങ്ങളാണ് താരം ടീമിനുവേണ്ടി കളിച്ചത്. ആറുഗോളുകളും നേടി. 

മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങാനാകുന്നു എന്നതാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. 

കാമവിങ്ങയ്ക്ക് പിന്നാലെ പി.എസ്.ജിയുടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കാനുള്ള അവസാന ശ്രമത്തിലാണ് റയല്‍ മഡ്രിഡ്. റയലിന്റെ വാഗ്ദാനം പി.എസ്.ജി അംഗീകരിച്ചിട്ടുണ്ടങ്കിലും ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Content Highlights: Real Madrid sign France midfielder Eduardo Camavinga