മാഡ്രിഡ്: ചെല്‍സിയില്‍നിന്ന് മുന്നേറ്റനിരതാരം ഈഡന്‍ ഹസാര്‍ഡിനെ റയല്‍ മാഡ്രിഡ് റാഞ്ചി. ഏതാണ്ട് 786 കോടിയോളം രൂപയ്ക്കാണ് അഞ്ചുവര്‍ഷ കരാറില്‍ ബെല്‍ജിയം താരം മാഡ്രിഡിലെത്തുന്നത്. പരിശീലകസ്ഥാനത്തേക്ക് തിരികെയെത്തിയ സിനദിന്‍ സിദാന്‍ റയലിലെത്തിക്കുന്ന പ്രമുഖതാരമാണ് ഹസാര്‍ഡ്.

786 കോടിയാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നതെങ്കിലും ബോണസ് അടക്കം കരാറിലെ വ്യവസ്ഥകള്‍ പ്രകാരം 1326 കോടിയോളം രൂപ റയല്‍ മുടക്കേണ്ടിവരുമെന്നാണ് സൂചന.

ബെല്‍ജിയത്തിനായി 100 മത്സരം കളിച്ച താരം 30 ഗോള്‍ നേടിയിരുന്നു. 2012-ലാണ് ഫ്രഞ്ച് ക്ലബ്ബ് ലില്ലില്‍നിന്ന് ചെല്‍സിയിലെത്തുന്നത്. ഇംഗ്ലീഷ് ക്ലബ്ബിനായി 352 കളിയില്‍നിന്ന് 110 ഗോള്‍ നേടി. രണ്ടുതവണ പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തില്‍ പങ്കാളിയായി. രണ്ടുതവണ യൂറോപ്പകപ്പും ഓരോ എഫ്.എ. കപ്പ്, ലീഗ് കപ്പ് വിജയങ്ങളുമുണ്ട്.

സിദാനുകീഴില്‍ റയലിലെത്തുന്ന മൂന്നാം പ്രധാനതാരമാണ് ഹസാര്‍ഡ്. നേരത്തേ പോര്‍ട്ടോയില്‍നിന്ന് ബ്രസീല്‍ താരം എഡര്‍ മിലിറ്റോയെയും ഫ്രാങ്ക്ഫര്‍ട്ട് എന്‍ട്രാക്ടില്‍ സെര്‍ബിയന്‍ താരം ലൂക്ക ജോവിച്ചിനെയും ടീമിലെത്തിച്ചിരുന്നു.

Content Highlights: Real Madrid sign Chelsea forward Eden Hazard