റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള മത്സരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എല്‍ ക്ലാസിക്കോ മത്സരം നടക്കുന്ന വേദിക്ക് പരിസരത്ത് ഇരുടീമുകളുടെയും ആരാധകര്‍ തമ്മിലുള്ള വാക്ക്‌പോര് പലപ്പോഴും കൂട്ടത്തല്ലില്‍ അവസാനിച്ചിട്ടുണ്ട്. ഈ വഴക്കിന്റെ തുടര്‍ച്ച സമൂഹ മാധ്യമങ്ങളിലും കാണാം.
കഴിഞ്ഞ ദിവസം റിയലിന്റെ ട്വിറ്റര്‍ പേജില്‍ ആരാധകര്‍ അപ്രതീക്ഷിതമായ ഒരു കാഴ്ച കണ്ടു. ക്രിസ്‌റ്റ്യോനോ റൊണാള്‍ഡോ ആരാധകരുടെ കണ്ണില്‍ കരടായ ലയണല്‍ മെസിയെ റയലിലേക്ക് ക്ഷണിച്ചു കൊണ്ടുള്ളൊരു ട്വീറ്റ് ആയിരുന്നു അത്. ഒപ്പം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ വീഡിയോയും.
ബാഴ്‌സയുടെ ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്തതിന് വെറും രണ്ട് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് ഈ സംഭവം. പാരിസ് സെന്റ് ജര്‍മെന്‍ വിട്ട് ഏഞ്ചല്‍ ഡി മരിയ ബാഴ്‌സയിലേക്ക് വരുന്നുവെന്നായിരുന്നുവെന്നായിരുന്നു ആ ട്വീറ്റ്. അത് വ്യാജ വാര്‍ത്തയാണെന്നും തങ്ങളുടെ എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ബാഴ്‌സ സ്ഥിരീകരിക്കുകയും ചെയ്തു.
അവര്‍ മൈന്‍ എന്ന ഗ്രൂപ്പ് ഹാക്കിംങിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഇരുക്ലബുകളും പിന്നിലാണെന്ന് തെളിയിക്കുകയായിരുന്നു തങ്ങളുടെ ഉദ്ദേശമെന്ന് അവര്‍ പറയുന്നു.