ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ചൊവ്വാഴ്ച രാത്രി തീപാറുന്ന പോരാട്ടം മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിലാണ്.

കരുത്തരുടെ പോരാട്ടത്തില്‍ മുന്‍ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനെ നേരിടും. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി 12.30-നാണ് മത്സരം. എന്നാല്‍, യഥാര്‍ഥ പരീക്ഷണം റയല്‍ മഡ്രിഡിന്റെ ഗ്രൗണ്ടായ സാന്തിയാഗോ ബെര്‍ണാബൂവിലും. സ്പാനിഷ് ലീഗില്‍ പരാജയങ്ങളില്‍ ഉഴലുന്ന നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മഡ്രിഡ് അവിടെ ചെക്ക് റിപ്പബ്ലിക്കന്‍ ക്ലബ്ബായ വിക്ടോറിയ പ്ലാസനെ നേരിടുന്നു. റയലിന്റെ എതിരാളി ചെറുതായിരിക്കാം പക്ഷേ, മത്സരഫലം അതിപ്രധാനമാകും.

ലോപറ്റേഗിക്ക് പരീക്ഷണം

കഴിഞ്ഞ മൂന്നുതവണയും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡ് സമീപകാലത്തെ ഏറ്റവും വലിയ പരീക്ഷണത്തിലൂടെ കടന്നുപോകുകയാണിപ്പോള്‍. സ്പാനിഷ് ലാ ലിഗയില്‍ തുടര്‍ച്ചയായ നാലു കളികള്‍ തോറ്റ റയല്‍ മഡ്രിഡ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തായി. ലോകകപ്പിനുശേഷം ടീമിന്റെ പരിശീലകനായെത്തിയ ജുലെന്‍ ലോപറ്റേഗി, ഏതുസമയത്തും പുറത്താക്കപ്പെടാം എന്നനിലയിലും. ഇനിയൊരു തോല്‍വി ലോപറ്റേഗിയുടെ കസേര തെറിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ജി-യില്‍ ചെക്ക് ക്ലബ്ബായ പ്ലാസന്‍ സ്വന്തം ഗ്രൗണ്ടില്‍ റയലിന് വലിയ വെല്ലുവിളിയാകാന്‍ സാധ്യതയില്ല. എന്നാല്‍, ആത്മവിശ്വാസം ചോര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തും സംഭവിക്കാം എന്ന് ലീഗിലെ കഴിഞ്ഞ മത്സരം തെളിയിച്ചു. ലീഗിലെ അവസാന മത്സരത്തില്‍ കഴിഞ്ഞദിവസം ലെവന്റെയോട് 2-1ന് തോറ്റത് ആരാധകര്‍ക്കും ടീം മാനേജ്മെന്റിനും ഞെട്ടലായിരുന്നു. അവര്‍ക്ക് ഈയാഴ്ച എല്‍ ക്ലാസിക്കോയില്‍ ബദ്ധവൈരികളായ ബാഴ്സലോണയെ നേരിടേണ്ടതുണ്ട്.

ലാ ലിഗയിലെ പ്രകടനം ചാമ്പ്യന്‍സ് ലീഗില്‍ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മത്സരത്തിനുമുന്നോടിയായി തിങ്കളാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍, ഇത് മറ്റൊരു മത്സരം മാത്രം എന്ന നിലയിലാണ് ലോപറ്റേഗി പ്രതികരിച്ചത്. എന്നാല്‍, വാക്കുകളിലെ ബലം കളിയില്‍ ഇല്ല എന്നതാണ് വാസ്തവം. ''ഓരോ മത്സരവും ജയിക്കാനാണ് ഇറങ്ങുന്നത്. പ്ലാസനെതിരേ ചൊവ്വാഴ്ച ഇറങ്ങുന്നതും അതേ ലക്ഷ്യത്തോടെതന്നെ. ഇത് മറ്റൊരു മത്സരം മാത്രം. അതിനപ്പുറത്തെ പ്രാധാന്യം കല്‍പ്പിക്കേണ്ടതില്ല'' -ലോപറ്റേഗി പറഞ്ഞു. ചാമ്പ്യന്‍സ് ലീഗിലെ ആദ്യമത്സരത്തില്‍ റയല്‍ റോമയെ ഏകപക്ഷീയമായ മൂന്നു ഗോളിന് തോല്‍പ്പിച്ചിരുന്നു.

ക്രിസ്റ്റ്യാനോ വരുന്നു

ചാമ്പ്യന്‍സ് ലീഗില്‍ എന്നും മികച്ച റെക്കോഡുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തിരിച്ചുവരവാണ് യുവന്റസ്-യുണൈറ്റഡ് മത്സരത്തെ ആവേശഭരിതമാക്കുന്നത്. വലന്‍സിയയ്‌ക്കെതിരേ ആദ്യമത്സരത്തിനിടെ ചുവപ്പുകാര്‍ഡ് വാങ്ങിയ ക്രിസ്റ്റ്യാനോയ്ക്ക് രണ്ടാം മത്സരത്തില്‍ യങ് ബോയ്സിനെതിരേ കളിക്കാനായില്ല. രണ്ടും ജയിച്ച യുവന്റസ് ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍. എങ്കിലും കരുത്തരായ യുണൈറ്റഡിനെതിരേയാകുമ്പോള്‍ ക്രിസ്റ്റ്യാനോയുടെ വരവ് ഊര്‍ജമേകും. യങ് ബോയ്സിനെതിരേ ജയവും വലന്‍സിയയോട് സമനിലയും വഴങ്ങിയ യുണൈറ്റഡ് നാലുപോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

സ്വന്തം ഗ്രൗണ്ടിലാണ് കളി എന്നത് യുണൈറ്റഡിന് ആനുകൂല്യം നല്‍കുന്നുണ്ടെങ്കിലും യുവന്റസ് സമീപകാലത്ത് ഉജ്ജ്വലഫോമിലാണ്. കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ നാലിലും അവര്‍ ജയിച്ചിട്ടുണ്ട്.

മറ്റു മത്സരങ്ങളില്‍ ജര്‍മന്‍ കരുത്തരായ ബയറണ്‍ മ്യൂണിക്ക് ഗ്രീക്ക് ക്ലബ്ബായ എ.ഇ.കെ. ആഥന്‍സിനെയും യങ് ബോയ്സ് വലന്‍സിയയെയും നേരിടുന്നു. അയാക്സ് ബെന്‍ഫിക്കയെയും ഫോഫന്‍ഫൈം ലിയോണിനെയും എതിരിടും.

Content Highlights: real madrid needs win in champions league ronaldo back at united