മെസ്റ്റാല: കരുത്തരായ റയല്‍ മഡ്രിഡിനെ വലന്‍സിയ അട്ടിമറിച്ചു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് വലന്‍സിയയുടെ വിജയം. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മഡ്രിഡ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കാഡിസിനെ തോല്‍പ്പിച്ചു.

വലന്‍സിയയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കാര്‍ലോസ് സോളറുടെ ഹാട്രിക്ക് മികവിലാണ് ടീം റയലിനെ നാണംകെടുത്തിയത്. റാഫേല്‍ വരാനെയുടെ സെല്‍ഫ് ഗോളും വലന്‍സിയയ്ക്ക് തുണയായി. 

കരീം ബെന്‍സേമയിലൂടെ 23-ാം മിനിട്ടില്‍ റയലാണ് ആദ്യം ഗോള്‍ നേടിയത്. എന്നാല്‍ പിന്നീട് മികച്ച കളി പുറത്തെടുത്ത വലന്‍സിയ ജയത്തിലേക്ക് കുതിച്ചു. സോളര്‍ നേടിയ മൂന്നുഗോളുകളും പെനാല്‍ട്ടിയിലൂടെയാണ് പിറന്നത്. റയല്‍ താരങ്ങളുടെ ശ്രദ്ധക്കുറവില്‍ നിന്നാണ് ഈ മൂന്നുഗോളുകളും പിറന്നത്. ഈ തോല്‍വിയോടെ റയല്‍ നാലാം സ്ഥാനത്തേക്ക് വീണു. വലന്‍സിയ 9-ാം സ്ഥാനത്താണ്. റയല്‍ സോസിഡാഡാണ് ഒന്നാമത്. 

കാഡിസസിനെതിരെ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ജാവോ ഫെലിക്‌സ് ഇരട്ടഗോള്‍ നേടിയപ്പോള്‍ (8, 90) മാര്‍ക്കോസ് ലോറന്റെ (22), ലൂയി സുവാരസ് (51) എന്നിവരും ലക്ഷ്യം കണ്ടു.

ജയത്തോടെ എഴ് കളിയില്‍ അല്തറ്റിക്കോയ്ക്ക് 17 പോയന്റായി. പോയന്റ് പട്ടികയില്‍ രണ്ടാമതാണ് ടീം.

മറ്റ് മത്സരങ്ങളില്‍ റയല്‍ സോസിഡാഡ് ഗ്രനാഡയെയും വിയ്യാറയല്‍ ഗെറ്റാഫെയെയും തോല്‍പ്പിച്ചു. 

Content Highlights: Real Madrid lost to Valencia in La Liga