മാഡ്രിഡ്:  അസെന്‍സിയോയുടെ ഒരൊറ്റ ഗോളില്‍ ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് വിജയം. എസ്പാന്യോളിനെ തോല്‍പിച്ച് 13 പോയിന്റുമായി റയല്‍ ലീഗില്‍ ഒന്നാമതെത്തി. 41-ാം മിനിറ്റിലായിരുന്നു അസെന്‍സിയോയുടെ ഗോള്‍. ഈ ലാ ലിഗ സീസണില്‍ അസെന്‍സിയോയുടെ ആദ്യ ഗോളാണിത്. 

ബെയ്‌ലിനെ പുറത്തിരുത്തി കളിച്ച റയലിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. റയല്‍ ആകെ 19 ഷോട്ടുകളുതിര്‍ത്തു. 

അതേസമയം മറ്റൊരു മത്സരത്തില്‍ ഗെറ്റാഫയെ തോല്‍പിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. എവേ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അത്‌ലറ്റിക്കോയുടെ വിജയം. 14-ാം മിനിറ്റില്‍ ഡേവിഡ് സോറിയയുടെ സെല്‍ഫ് ഗോളില്‍ അത്‌ലറ്റിക്കോ ലീഡെടുത്തു. പിന്നീട് 60-ാം മിനിറ്റില്‍ ഫ്രഞ്ച് താരം തോമസ് ലേമാര്‍ അത്‌ലറ്റിക്കോയുടെ ലീഡ് ഇരട്ടിയാക്കി. 

ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ അന്റ്യൂണസിന് ചുവപ്പ് കാര്‍ഡ് കണ്ടത് ഗെറ്റാഫയ്ക്ക് തിരിച്ചടിയായി. പകരക്കാരനായി ഇറങ്ങി അഞ്ച് മിനിറ്റിനുള്ളിലായിരുന്നു അന്റ്യൂണസിന് പുറത്തേക്കുള്ള വഴി തുറന്നത്. ശേഷിക്കുന്ന 23 മിനിറ്റില്‍ പത്ത് പേരുമായാണ് ഗെറ്റാഫെ കളിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അത്‌ലറ്റിക്കോ മാഡ്രിഡ്. 

Content Highlights: Real Madrid La Liga Marco Asensio Football