മഡ്രിഡ്: ജയിച്ചാല്‍ ലാ ലിഗ പോയന്റ് പട്ടികയില്‍ ഒന്നാമതെത്താനുള്ള അവസരം കളഞ്ഞുകുളിച്ച് റയല്‍ മാഡ്രിഡ്. സെവിയ്യയ്‌ക്കെതിരേ അവസാന നിമിഷം റയല്‍ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. രണ്ടു തവണ പിന്നില്‍ പോയ ശേഷമായിരുന്നു റയല്‍ സമനില പിടിച്ചത്. 

മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോയിലൂടെ സെവിയ്യ മുന്നിലെത്തി. ആദ്യ പകുതി സെവിയ്യയുടെ ലീഡില്‍ അവസാനിച്ചു. ഇതിനിടെ 13-ാം മിനിറ്റില്‍ ബെന്‍സേമ പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ ഗോള്‍ നിഷേധിച്ചു. 

67-ാം മിനിറ്റില്‍ ടോണി ക്രൂസിന്റെ പാസില്‍ നിന്ന് മാര്‍ക്കോ അസെന്‍സിയോ റയലിനെ ഒപ്പമെത്തിച്ചു. പിന്നാലെ 78-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇവാന്‍ റാക്കിറ്റിച്ച് സെവിയ്യയെ വീണ്ടും മുന്നിലെത്തിച്ചു. തോല്‍വിയിലേക്കെന്ന് തോന്നിയ മത്സരത്തില്‍ ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഏദന്‍ ഹസാര്‍ഡിന്റെ ഗോളിലാണ് റയല്‍ സമനില പിടിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ബാഴ്‌സലോണ - അത്‌ലറ്റിക്കോ മാഡ്രിഡ് മത്സരം സമനിലയില്‍ കലാശിച്ചതോടെ സെവിയ്യയോട് ജയിച്ചിരുന്നെങ്കില്‍ റയലിന് പോയന്റ് പട്ടികയില്‍ ഒന്നാമതെത്താമായിരുന്നു. ഈ അവസരമാണ് റയല്‍ നഷ്ടപ്പെടുത്തിയത്. 

മത്സരം സമനിലയിലായതോടെ 35 മത്സരങ്ങളില്‍ നിന്ന് 75 പോയന്റുമായി റയല്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ലീഗില്‍ മൂന്ന് റൗണ്ട് മത്സരങ്ങള്‍ മാത്രം ശേഷിക്കേ 77 പോയന്റുമായി അത്‌ലറ്റിക്കോയാണ് ഒന്നാമത്. 75 പോയന്റുമായി ബാഴ്‌സ മൂന്നാം സ്ഥാനത്താണ്.

Content Highlights: Real Madrid held draw by Sevilla as La Liga title race intensifies