മഡ്രിഡ്: ലാലിഗയില്‍ സിനദിന്‍ സിദാന്റെയും സംഘത്തിന്റെയും മോശം ഫോം വീണ്ടും തുടരുന്നു. ഏറ്റവുമൊടുവില്‍ ദുര്‍ബലരായ അലാവെസിനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മഡ്രിഡ് തോറ്റത്. മികച്ച ടീമായിരുന്നിട്ടുകൂടിയും റയലിന് വിജയം നേടാനായില്ല. ലാലിഗയില്‍ അവസാന മൂന്നു മത്സരങ്ങളില്‍ ടീമിന് വിജയിക്കാനായിട്ടില്ല. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മഡ്രിഡ് വലന്‍സിയയെ കീഴടക്കി

മത്സരത്തിന്റെ ഭൂരിഭാഗം സമയം ബോള്‍ കൈവശം വെച്ചിട്ടും റയലിന് വിജയം സ്വന്തമാക്കാനായില്ല. അലാവെസിനുവേണ്ടി പെനാല്‍ട്ടിയിലൂടെ ലൂക്കാസ് പെരെസ്, ഹോസെലു എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ കാസെമിറോ റയലിനായി ആശ്വാസ ഗോള്‍ നേടി. ഈ തോല്‍വിയോടെ പത്തുമത്സരങ്ങളില്‍ നിന്നും 17 പോയന്റ് മാത്രമുള്ള റയല്‍ നാലാം സ്ഥാനത്ത് തുടരുന്നു. 

വലന്‍സിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലറ്റിക്കോ മഡ്രിഡ് തോല്‍പ്പിച്ചത്. ടോണി ലാറ്റോയുടെ സെല്‍ഫ് ഗോളാണ് വലന്‍സിയയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്. ഈ ജയത്തോടെ ഒന്‍പതുകളികളില്‍ നിന്നും 23 പോയന്റുള്ള അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്തെത്തി. അത്‌ലറ്റിക്കോയുടെ തുടര്‍ച്ചയായ ആറാം വിജയമാണിത്.  റയല്‍ സോസിഡാഡാണ് പട്ടികയില്‍ ഒന്നാമത്. കരുത്തരായ ബാര്‍സലോണ 14 -ാം സ്ഥാനത്താണ്. 

Content Highlights: Real Madrid held again in Spain, Atletico win 6th straight match