Photo: AP
റിയാദ്: ആവേശം വാനോളമുയര്‍ന്ന സ്പാനിഷ് സൂപ്പര്‍കപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ചിരവൈരികളായ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മഡ്രിഡ്. എക്‌സ്ട്രാ ടൈം വരെ നീണ്ട എല്‍ ക്ലാസിക്കോ മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. ഈ ജയത്തോടെ റയല്‍ മഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ ഇടം നേടി.
അധികസമയത്ത് ഫെഡെറിക്കോ വാല്‍വെര്‍ദെയാണ് റയലിനായി വിജയഗോള്‍ നേടിയത്. തകര്‍പ്പന്‍ പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. കളം നിറഞ്ഞുകളിച്ചെങ്കിലും ബാഴ്‌സയ്ക്ക് വിജയം നേടാനായില്ല. വാല്‍വെര്‍ദെയ്ക്ക് പുറമേ സൂപ്പര്‍ താരം കരിം ബെന്‍സേമയും വിനീഷ്യസ് ജൂനിയറും റയലിനായി ലക്ഷ്യം കണ്ടു. ലൂക്ക് ഡി യോങ്ങും അന്‍സു ഫാത്തിയുമാണ് ബാഴ്‌സയുടെ ഗോള്‍ സ്‌കോറര്‍മാര്‍.
ഫൈനലില്‍ അത്‌ലറ്റിക്കോ മഡ്രിഡോ അത്‌ലറ്റിക്കോ ബില്‍ബാവോയോ ആയിരിക്കും റയലിന്റെ എതിരാളികള്‍. വിനീഷ്യസ് ജൂനിയറിലൂടെ റയലാണ് ആദ്യം ലീഡെടുത്തത്. ബാഴ്‌സയില്‍ പിന്ന് പന്തുറാഞ്ചിയെടുത്ത് കുതിച്ച ബെന്‍സേമയുടെ പാസില്‍ നിന്നാണ് വിനീഷ്യസ് ഗോളടിച്ചത്. 25-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.
എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുന്‍പ് 41-ാം മിനിറ്റില്‍ ലൂക്ക് ഡി യോങ്ങിലൂടെ ബാഴ്‌സ സമനില ഗോള്‍ നേടി. ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഗോള്‍പിറന്നത്. ഓസ്മാനെ ഡെംബലെയുടെ പാസ് റയലിന്റ എഡര്‍ മിലിറ്റാവോ ക്ലിയര്‍ ചെയ്യുന്നതിനിടെ പന്ത് യോങ്ങിന്റെ കാലില്‍ തട്ടി വലയില്‍ കയറി. ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ 72-ാം മിനിറ്റില്‍ സൂപ്പര്‍ താരം ബെന്‍സേമ റയലിന് ലീഡ് സമ്മാനിച്ചു. പന്തുമായി ബോക്‌സിലേക്ക് കുതിച്ച മെന്‍ഡി നല്‍കിയ പാസ് സ്വീകരിച്ച ബെന്‍സേമ പോസ്റ്റിലേക്ക് വെടിയുതിര്‍ത്തെങ്കിലും മികച്ച ഡൈവിലൂടെ ബാഴ്‌സ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റീഗന്‍ അത് രക്ഷപ്പെടുത്തി. സ്റ്റീഗന്റെ ക്ലിയറന്‍സില്‍ പന്ത് സ്വീകരിച്ച ഡാനി കാര്‍വാല്‍ ബോക്‌സിലേക്ക് ക്രോസ് കൊടുക്കാന്‍ ശ്രമിച്ചു. ഇതും സ്റ്റീഗന്‍ രക്ഷപ്പെടുത്തിയെങ്കിലും പന്ത് നേരെയെത്തിയത് ബെന്‍സേമയുടെ കാലില്‍ തന്നെയായിരുന്നു. അനായാസം പന്ത് വലയിലേക്കിട്ട് ബെന്‍സേമ റയലിന് ലീഡ് സമ്മാനിച്ചു.
മത്സരം റയല്‍ സ്വന്തമാക്കുമെന്ന ഘട്ടത്തില്‍ അന്‍സു ഫാത്തി ബാഴ്‌സയുടെ രക്ഷകനായി. 83-ാം മിനിറ്റില്‍ മികച്ച ഹെഡ്ഡറിലൂടെ വലകുലുക്കി ഫാത്തി ബാഴ്‌സയ്ക്ക് സമനില നേടിക്കൊടുത്തു. ഇതോടെ മത്സരം അധികസമയത്തേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമില്‍ 98-ാം മിനിറ്റില്‍ പകരക്കാരനായി വന്ന ഫെഡറിക്കോ വാല്‍വെര്‍ദെയിലൂടെ റയല്‍ വിജയഗോള്‍ നേടി. വിനീഷ്യസ് ജൂനിയറുടെ ക്രോസില്‍ നിന്നാണ് വാല്‍വെര്‍ദെ ഗോളടിച്ചത്. ഇതോടെ റയല്‍ മത്സരം സ്വന്തമാക്കി. ജനുവരി 16 നാണ് ഫൈനല്‍.
Content Highlights: Real Madrid heading to Supercopa final after extra time win against Barcelona
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..