മാഡ്രിഡ്: ലാ ലിഗ കിരീട പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് സമനില. റയല്‍ മാഡ്രിഡിനെ ഗെറ്റാഫെ ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഇതോടെ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായി പോയിന്റ് വ്യത്യാസം കുറയ്ക്കാനുള്ള അവസരം റയല്‍ നഷ്ടപ്പെടുത്തി.

മത്സരത്തില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ഗെറ്റാഫെ ആയിരുന്നു. എന്നാല്‍ റയല്‍ ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോയിസിന്റെ മുന്നില്‍ ഇതെല്ലാം വിഫലമായി. റയല്‍ താരം മരിയാനോയുടെ ഗോള്‍ വാറിലൂടെ നിഷേധിക്കുകയും ചെയ്തു.

സമനിലയില്‍ കുരുങ്ങിയതോടെ റയല്‍ മാഡ്രിഡ് അത്ലറ്റിക്കോ മാഡ്രിഡിന് മൂന്നു പോയിന്റ് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. അതേസമയം ഒരു മത്സരം കുറച്ചു കളിച്ച ബാഴ്സലോണയ്ക്ക് അടുത്ത മത്സരം ജയിച്ചാല്‍ റയലിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താം. മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ ഒന്നിനെതിരേ അഞ്ചു ഗോളിന് ലെവാന്റെയെ തോല്‍പ്പിച്ചു. ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ് എയ്ബറിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തു. റയല്‍ ബെറ്റിസും വലന്‍സിയയും സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഹ്യൂസ്‌കയെ അലാവെസ് തോല്‍പ്പിച്ചു. കാര്‍ഡിസും സെല്‍റ്റാ വിഗോയും ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിപ്പിച്ചു.

Content Highlights: Real Madrid Football La Liga