റോം: ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ജിയില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ.എസ് റോമയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്.

റോമയുടെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് റയല്‍, റോമയെ പരാജയപ്പെടുത്തിയത്. ഇരു ടീമുകളും ഇതോടെ ചാമ്പ്യന്‍സ് ലീഗിന്റെ നോക്ക്ഔട്ടില്‍ പ്രവേശിച്ചു. ഗ്രൂപ്പില്‍ നടന്ന മറ്റൊരു മത്സരത്തില്‍ വിക്ടോറിയ പ്ലസന്‍ സി.എസ്.കെ.എ മോസ്‌കോയെ തോല്‍പ്പിച്ചതോടെ തന്നെ റയലും റോമയും നോക്കൗട്ടില്‍ പ്രവേശിച്ചിരുന്നു.

തിബൗട്ട് കുര്‍ട്ടോയിസിന്റെ സേവുകള്‍ റയലിന് തുണയാവുകയായിരുന്നു. പാട്രിക്ക് ഷിക്കിന്റെയും അലക്‌സാണ്ടര്‍ കോളറോവിന്റെയും ഗോളെന്നുറച്ച ഷോട്ടുകളാണ് കുര്‍ട്ടോയിസ് രക്ഷപ്പെടുത്തിയത്. 

എന്നാല്‍ ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം ഈ പിഴവുകള്‍ക്ക് റോമ വിലകൊടുക്കേണ്ടി വന്നു. 47-ാം മിനിറ്റില്‍ ഗാരെത് ബെയ്ല്‍ റയലിനെ മുന്നിലെത്തിച്ചു. റോമ ഡിഫന്‍ഡര്‍ ഫെഡ്രിക്കോ ഫാസിയോയുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. തിരിച്ചടിക്കാന്‍ റോമ ശ്രമിക്കുന്നതിനിടെ റയല്‍ രണ്ടാം ഗോളും നേടി റയല്‍ വിജയം ഉറപ്പിച്ചു. 59-ാം മിനിറ്റില്‍ ബെയ്‌ലിന്റെ പാസില്‍ നിന്ന് ലൂക്കാസ് വാസ്‌ക്വസാണ് റയലിന്റെ രണ്ടാം ഗോള്‍ നേടിയത്.

സി.എസ്.കെ.എ മോസ്‌കോയെ മറികടന്ന് വിക്ടോറിയ പ്ലസന്‍

മോസ്‌കോ: സ്വന്തം മൈതാനത്ത് വിക്ടോറിയ പ്ലസനോട് പരാജയമേറ്റുവാങ്ങി റഷ്യന്‍ ക്ലബ്ബ് സി.എസ്.കെ.എ മോസ്‌കോ. ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു വിക്ടോറിയ പ്ലസന്റെ വിജയം. ചെക്ക് റിപ്പബ്ലിക്ക് ടീമായ എഫ്സി വിക്ടോറിയ പ്ലസന്‍ അഞ്ചു വര്‍ഷത്തിന് ശേഷമാണ് യൂറോപ്പില്‍ മോസ്‌കോയെ പരാജയപ്പെടുത്തുന്നത്.

ആദ്യ പകുതിയില്‍ മുന്നിലെത്തിയ ശേഷമായിരുന്നു മോസ്‌കോയുടെ തോല്‍വി. പത്താം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നിക്കോള വ്‌ളാസിച്ചാണ് മോസ്‌കോയെ മുന്നിലെത്തിച്ചത്. എന്നാല്‍ 56-ാം മിനിറ്റില്‍ റോമന്‍ പ്രോച്ചാസ്‌കയും 81-ാം മിനിറ്റില്‍ ലൂക്കാസ് ഹെയ്ഡയും വിക്ടോറിയ പ്ലസനായി സ്‌കോര്‍ ചെയ്തു.

Content Highlights: Real Madrid earn top spot as Gareth Bale Lucas Vazquez down Roma