മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന് ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്. വിജയത്തോടെ ലാ ലിഗ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന റയല്‍ രണ്ടാമതുള്ള ബാഴ്‌സലോണയേക്കാള്‍ ആറു പോയന്റ് മുന്നിലെത്തി. 

മത്സരത്തിന്റെ 56-ാം മിനിറ്റില്‍ കരീം ബെന്‍സേമയാണ് റയലിന്റെ വിജയഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം വിനീഷ്യസ് തുടക്കമിട്ട ഒരു നീക്കമാണ് ഗോളില്‍ കലാശിച്ചത്. വിനീഷ്യസില്‍ നിന്ന് പന്തുലഭിച്ച ഫെര്‍ലാണ്ട് മെന്‍ഡി നല്‍കിയ ക്രോസ് ബെന്‍സേമ വലയിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ 65 ശതമാനം സമയത്തും പന്ത് റയല്‍ താരങ്ങളുടെ  കാലിലായിരുന്നു. 16 ഷോട്ടുകളാണ് റയല്‍ ഗോളിലേക്ക് തൊടുത്തത്. അത്‌ലറ്റിക്കോ നാലും.

ജയത്തോടെ 22 കളികളില്‍ നിന്ന് റയലിന് 49 പോയന്റായി. രണ്ടാമതുള്ള ബാഴ്‌സയ്ക്ക് 21 കളികളില്‍ നിന്ന് 43 പോയന്റാണുള്ളത്. തിങ്കളാഴ്ച പുലര്‍ച്ചെ ലെവാന്തെയുമായി ബാഴ്‌സയ്ക്ക് മത്സരമുണ്ട്.

Content Highlights: Real Madrid defeated city rival Atletico Madrid