മഡ്രിഡ്: ലാ ലിഗയില്‍ കരുത്തരായ റയല്‍ മഡ്രിഡിന് തകര്‍പ്പന്‍ ജയം. ഗ്രനാഡയെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് റയല്‍ കീഴടക്കിയത്. 

റയലിന് വേണ്ടി മാര്‍ക്കോ അലോണ്‍സോ, നാച്ചോ, വിനീഷ്യസ് ജൂനിയര്‍, ഫെര്‍ലാന്‍ഡ് മെന്‍ഡി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഗ്രനാഡയ്ക്ക് വേണ്ടി ലൂയിസ് സുവാരസ് ആശ്വാസ ഗോള്‍ നേടി. 67-ാം മിനിട്ടില്‍ ഗ്രനാഡയുടെ മോന്‍ചു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് കനത്ത പ്രഹരമായി. മത്സരത്തില്‍ റയലിന്റെ ടോണി ക്രൂസ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

മറ്റുമത്സരങ്ങളില്‍ റയല്‍ സോസിഡാഡിനെ വലന്‍സിയ ഗോള്‍രഹിത സമനിലയില്‍ തളച്ചപ്പോള്‍ റയല്‍ ബെറ്റിസ് എല്‍ഷെയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക് തകര്‍ത്തു.

ഈ വിജയത്തോടെ റയല്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. 13 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിജയങ്ങളുടെ അകമ്പടിയോടെ 30 പോയന്റാണ് റയലിനുള്ളത്. 14 മത്സരങ്ങളില്‍ നിന്ന് 29 പോയന്റുള്ള റയല്‍ സോസിഡാഡ് രണ്ടാം സ്ഥാനത്തും 13 മത്സരങ്ങളില്‍ നിന്ന് 28 പോയന്റുള്ള സെവിയ്യ മൂന്നാമതും നില്‍ക്കുന്നു. അത്‌ലറ്റിക്കോ മഡ്രിഡ്, റയല്‍ ബെറ്റിസ് എന്നീ ടീമുകളാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍. ബാഴ്‌സലോണ ആറാമതാണ്. 

Content Highlights: Real Madrid crush Granada to move to top of La Liga