കീവ്: ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മഡ്രിഡിനും ഇറ്റാലിയന്‍ സീരി എ ചാമ്പ്യന്മാരായ ഇന്റര്‍മിലാനും വിജയം. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ റയല്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ഷാക്തര്‍ ഡോണെറ്റ്‌സ്‌കിനെ തകര്‍ത്തപ്പോള്‍ ഇന്റര്‍ അട്ടിമറിവീരന്മാരായ ഷെറീഫിനെ മറികടന്നു.

തകര്‍പ്പന്‍ ഫോം പുറത്തെടുത്ത റയല്‍ മുന്നേറ്റനിര ഷാക്തര്‍ പ്രതിരോധത്തെ പിച്ചിച്ചീന്തി. യുവതാരം വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സൂപ്പര്‍താരം കരിം ബെന്‍സേമ, റോഡ്രിഗോ എന്നിവരും റയലിനായി ലക്ഷ്യം കണ്ടു. സെര്‍ഹി ക്രിവ്‌സ്‌റ്റോവിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. 

കഴിഞ്ഞ മത്സരത്തില്‍ ദുര്‍ബലരായ ഷെറീഫിനോട് തോല്‍വി വഴങ്ങിയ റയലിന് ഏറെ ആശ്വാസം പകരുന്ന വിജയമാണിത്. കൂറ്റന്‍ വിജയം നേടിയെങ്കിലും ഗ്രൂപ്പ് ഡിയില്‍ റയല്‍ രണ്ടാമതാണ്. 

ഷെറീഫിനെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ഇന്റര്‍ തകര്‍ത്തത്. എഡിന്‍ സെക്കോ, ആര്‍തുറോ വിദാല്‍, സ്‌റ്റെഫാന്‍ വിര്‍ജ് എന്നിവര്‍ ഇന്ററിന് വേണ്ടി വലകുലുക്കിയപ്പോള്‍ ഷെറീഫിനായി സെബാസ്റ്റ്യന്‍ ത്രില്‍ ആശ്വാസ ഗോള്‍ നേടി. തോറ്റെങ്കിലും ഗ്രൂപ്പ്  ഡിയില്‍ ഷെറീഫാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറുപോയന്റാണ് ടീമിനുള്ളത്. 4 പോയന്റുള്ള ഇന്റര്‍ മൂന്നാമതാണ്. ഒരുപോയന്റ് മാത്രമുള്ള ഷാക്തര്‍ നാലാം സ്ഥാനത്തേക്ക് വീണു.

Content Highlights: Real Madrid celebrate win over Shakhtar Donetsk, Inter Milan beat Sheriff