ജിദ്ദ: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ അത്‌ലറ്റിക്കോ മഡ്രിഡിനെ കീഴടക്കി റയല്‍ മഡ്രിഡ് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ കിരീടത്തില്‍ മുത്തമിട്ടു (4-1).

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനാലാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അധികസമയത്തിന്റെ 25-ാം മിനിറ്റില്‍ ഫെഡെറികോ വാല്‍വെര്‍ദെ ചുവപ്പ് കാര്‍ഡ് കണ്ടതിനാല്‍ അവസാന അഞ്ച് മിനിറ്റില്‍ പത്തുപേരുമായാണ് റയല്‍ കളിച്ചത്. റയലിന്റെ വിജയത്തില്‍ നിര്‍ണായകമായതും വാല്‍വെര്‍ദെയുടെ ഈ ഫൗളായിരുന്നു. 115-ാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ ആല്‍വാരോ മൊറാറ്റ ഒറ്റയ്ക്ക് റയല്‍ ഗോള്‍ മുഖത്തേക്ക് കുതിക്കുമ്പോള്‍ വാല്‍വെര്‍ദെ പിറകില്‍ നിന്ന് മൊറാറ്റയെ വീഴ്ത്തുകയായിരുന്നു.

ആ ഫൗളില്‍ പുറത്തുപോകേണ്ടി വന്നെങ്കിലും ഗോളെന്നുറച്ച അവസരമാണ് വാല്‍വെര്‍ദെ ഇല്ലാതാക്കിയത്. വാല്‍വെര്‍ദെ തന്നെ മാന്‍ ഒഫ് ദി മാച്ച് ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഷൂട്ടൗട്ടില്‍ റയലിനായി ഡാനി കര്‍വ്ജാല്‍, വിനീഷ്യസ് ജൂനിയര്‍, ലൂക്ക മോഡ്രിച്ച്, സെര്‍ജിയോ റാമോസ് എന്നിവര്‍ ലക്ഷ്യം കണ്ടു. അത്ലറ്റിക്കോക്കായി കെയ്‌റണ്‍ ട്രിപ്പിയര്‍ക്ക് മാത്രമെ സ്‌കോര്‍ ചെയ്യാനായുള്ളു. സൗള്‍ നിഗ്വസ്, തോമസ് പാര്‍ട്ടി എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല.

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ പതിനൊന്നാം തവണയാണ് റയല്‍ ചാമ്പ്യന്‍മാരാവുന്നത്. പരിശീലകന്‍ സിനദിന്‍ സിദാന് കീഴില്‍ റയലിന്റെ പത്താം കിരീടമാണിത്. രണ്ടാം വരവില്‍ ആദ്യത്തെയും.

Content Highlights:  Real Madrid beats Atletico Madrid in penalty kicks for title