മഡ്രിഡ്: ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. താരതമ്യേന ദുര്‍ബലരായ ലെവാന്റെയാണ് റയലിനെ അട്ടിമറിച്ചത്. 

മാര്‍ക്കോ അസെന്‍സിയോയിലൂടെ റയലാണ് 13-ാം മിനിറ്റിൽ ആദ്യം ലീഡെടുത്തത്. എന്നാല്‍ 32-ാം മിനിറ്റിൽ ഹോസെ ലൂയിസ് മൊറാലെസിലൂടെ ലെവാന്റെ സമനില ഗോള്‍ കണ്ടെത്തി. ആദ്യ പകുതിയില്‍ ഇരുടീമുകളും സമനില പാലിച്ചു. എന്നാല്‍ റയലിനെ ഞെട്ടിച്ച് 78-ാം മിനിട്ടില്‍ റോജര്‍ മാര്‍ട്ടി ലെവാന്റെയുടെ വിജയഗോല്‍ നേടി. 

കളിയുടെ ഒന്‍പതാം മിനിട്ടില്‍ എഡെര്‍ മിലിറ്റാവോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരായി റയലിന് ചുരുങ്ങേണ്ടി വന്നു. ഇതും തോല്‍വിയ്ക്ക് കാരണമായി. തോറ്റെങ്കിലും ടീം പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

മറ്റൊരു മത്സരത്തില്‍ വലെന്‍സിയ എതിരില്ലാത്ത ഒരു ഗോളിന് എല്‍ഷെയെ കീഴടക്കി. ഡാനിയല്‍ വാസ്സാണ് ടീമിനായി വിജയഗോള്‍ നേടിയത്. ലീഗിലെ മൂന്നാം സ്ഥാനക്കാരായ സെവിയ്യയും വിജയിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഐബറിനെയാണ് സെവിയ്യ തോല്‍പ്പിച്ചത്. ലൂക്കാസ് ഒസാംപോസും ജോവാന്‍ ജോര്‍ദാനും ടീമിനായി ഗോള്‍ നേടി.

എന്നാല്‍ കരുത്തരായ റയല്‍ സോസിഡാഡിനെ വിയ്യാറയല്‍ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു.

നിലവില്‍ 18 മത്സരങ്ങളില്‍ നിന്നും 47 പോയന്റുള്ള അത്‌ലറ്റിക്കോ മഡ്രിഡ് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 20 മത്സരങ്ങളില്‍ നിന്നും 40 പോയന്റുള്ള റയല്‍ രണ്ടാമതും ഇത്രയും മത്സരങ്ങളില്‍ നിന്നും 39 പോയന്റുള്ള സെവിയ്യ മൂന്നാമതുമാണ്. 19 മത്സരങ്ങളില്‍ നിന്നും 37 പോയന്റുള്ള ബാര്‍സലോണ നാലാം സ്ഥാനത്താണ്. 

Content Highlights: Real Madrid beaten by Levante in Laliga 2020-21