ബാഴ്സലോണയ്ക്കെതിരേ ഗോൾ നേടുന്ന റയൽ മാഡ്രിഡ് താരം ലൂക്ക മോഡ്രിച്ച് | Photo: twitter.com|realmadriden
ബാഴ്സലോണ: സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണയെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ്. ബാഴ്സയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.
ലാലിഗയില്‍ ബാഴ്സയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ എല്‍ ക്ലാസിക്കോയില്‍ തന്നെ ബാഴ്സ പരിശീലകന് റൊണാള്‍ഡ് കോമാന് നിരാശയായി ഫലം.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഫെഡെറിക്കോ വാല്വെര്ദെയിലൂടെ റയല്‍ മുന്നിലെത്തി. കരീം ബെന്‍സേമയുടെ പാസില്‍ നിന്നായിരുന്നു വാല്‍വെര്‍ദെയുടെ ഗോള്‍.
പിന്നാലെ എട്ടാം മിനിറ്റില്‍ തന്നെ ബാഴ്സയുടെ സമനില ഗോള്‍ വന്നു. ജോര്‍ഡി ആര്ബയുടെ ക്രോസ് യുവതാരം അന്‍സു ഫാത്തി കൃത്യമായി വലയിലെത്തിച്ചു. ഇതോടെ എല്‍ ക്ലാസിക്കോയില്‍ സ്കോര്‍ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഫാത്തി സ്വന്തമാക്കി.
ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഇതോടൊപ്പം മത്സരത്തിന്റെ വേഗവും കുറഞ്ഞു.
63-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസ് റയലിന് ലീഡ് നല്കി. ബാഴ്സ താരം തന്നെ ബോക്സില്‍ വലിച്ചിട്ടെന്ന റാമോസിന്റെ വാദത്തെ തുടര്‍ന്ന് വാര് പരിശോധിച്ച റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു.
റയല്‍ ലീഡെടുത്തതോടെ സമനില ഗോള്‍ കണ്ടെത്താന്‍ ബാഴ്സ ശ്രമങ്ങള്‍ തുടങ്ങി. അവസരങ്ങള്‍ പലതും ലഭിച്ചിട്ടും പന്ത് വലയിലെത്തിക്കാന്‍ ബാഴ്സ താരങ്ങള്‍ക്കായില്ല. 90-ാം മിനിറ്റില്‍ റോഡ്രിഗോയുടെ ഗോള്‍ ശ്രമം തടയാനുള്ള ബാഴ്സ ഗോള്‍കീപ്പര്‍ നെറ്റോയുടെ ശ്രമമാണ് റയലിന്റെ മൂന്നാം ഗോളില്‍ കലാശിച്ചത്. നെറ്റോ സേവ് ചെയ്ത പന്ത് ലഭിച്ച ലൂക്ക മോഡ്രിച്ചിന് അത് ആളില്ലാത്ത പോസ്റ്റിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.
നെറ്റോയുടെ തകര്‍പ്പന്‍ സേവുകളാണ് പലപ്പോഴും ബാഴ്സയുടെ രക്ഷയ്ക്കെത്തിയത്. ജയത്തോടെ 13 പോയന്റുമായി റയല്‍ ലാ ലിഗ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഏഴു പോയന്റ് മാത്രമുള്ള ബാഴ്സ പത്താം സ്ഥാനത്താണ്.
Content Highlights: Real Madrid beat Barcelona in first El Clasico of the season
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..