വാഴ്സ: ഒന്‍പതു വര്‍ഷത്തെ റൊണാള്‍ഡോ യുഗത്തിനു ശേഷം റയല്‍ ഇന്ന് കളത്തില്‍. യൂവേഫ സൂപ്പര്‍ കപ്പ് ഇത്തവണ മഡ്രിഡിലേക്കാണെന്നുറപ്പാണ്. ഏത് മഡ്രിഡ് ടീമാണ് കപ്പില്‍ മുത്തമിടുകയെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം മതി. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് റയല്‍ മഡ്രിഡും തിരിച്ചുപിടിക്കാന്‍ അത്ലറ്റിക്കോ മഡ്രിഡുമാണ് നേര്‍ക്കുനേര്‍ വരുന്നത്. 

പോളണ്ടിലെ ടാലിനില്‍ ബുധനാഴ്ച രാത്രി 12.30-നാണ് കിക്കോഫ്. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ കപ്പ് ചാമ്പ്യന്‍മാരുമാണ് സൂപ്പര്‍ കപ്പിനായി മത്സരിക്കുന്നത്.

നാലുതവണ സൂപ്പര്‍ കപ്പില്‍ മുത്തമിട്ട ടീമാണ് റയല്‍. കഴിഞ്ഞ രണ്ടു തവണയും കപ്പുനേടി. ഇത്തവണകൂടി കിരീടം നേടിയാല്‍ ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍പട്ടം നേടിയ ടീമെന്ന നേട്ടം ബാഴ്സലോണയ്ക്കും എ.സി. മിലാനുമൊപ്പം പങ്കുവയ്ക്കാനും മഡ്രിഡ് ടീമിനാകും. 

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടശേഷം സീസണിലെ ആദ്യ അങ്കത്തിനിറങ്ങുകയാണ് ടീം. പുതിയ പരിശീലകന്‍ ജൂലന്‍ ലോപെറ്റെഗിക്കുകീഴില്‍ ടീമിന്റെ ആദ്യ കിരീടപോരാട്ടമാണിത്.

ഗരേത് ബെയ്ല്‍-കരീം ബെന്‍സമ-മാര്‍ക്കോ അസെന്‍സിയോ ത്രയത്തെ മുന്നേറ്റത്തില്‍ ഇറക്കിയാകും ടീം കളിക്കുന്നത്. ഇസ്‌കോ-കാസെമിറോ-ടോണി ക്രൂസ് എന്നിവര്‍ മധ്യനിരയില്‍ വരും. നായകന്‍ സെര്‍ജിയോ റാമോസ്-മാഴ്സലോ-നാച്ചോ-ഡാനി കാര്‍വഹാല്‍ എന്നിവര്‍ പ്രതിരോധത്തിലുണ്ടാകും. ലൂക്ക മോഡ്രിച്ചിനെ ആദ്യ ഇലവനില്‍ ഇറക്കുകയാണെങ്കില്‍ അസെന്‍സിയോ പുറത്തിരിക്കും.

2010, 2012 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാരായിട്ടുള്ള അത്ലറ്റിക്കോ മൂന്നാം കിരീടമാണ് മോഹിക്കുന്നത്. സൂപ്പര്‍ കപ്പ് പോരാട്ടങ്ങളില്‍ ഇതുവരെ ടീം തോറ്റിട്ടില്ല. ടീമിന്റെ പരിശീലനക്യാമ്പിലേക്ക് വൈകിയെത്തിയ അന്റോയിന്‍ ഗ്രീസ്മാനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്നും സൂചനയുണ്ട്. പുതുതായി ടീമിലെത്തിയ തോമസ് ലെമറിനെ കളിപ്പിച്ചേക്കും. ഡീഗോ ഡോഡിനും ഫിലിപ്പെ ലൂയിസും പ്രതിരോധത്തിലും കോക്കെ, സോള്‍ നിഗുസ് എന്നിവര്‍ മധ്യനിരയിലും ടീമിന്റെ കരുത്താണ്.

റയലും അത്ലറ്റിക്കോയും ഇതുവരെ 219 തവണയാണ് മുഖാമുഖംവന്നത്. 109 തവണ റയല്‍ ജയിച്ചു. 55 തവണ അത്ലറ്റിക്കോ വിജയം കണ്ടപ്പോള്‍ 55 മത്സരം സമനിലയില്‍ കലാശിച്ചു. 2008-നുശേഷം നടന്ന ഒമ്പത് സൂപ്പര്‍ കപ്പ് മത്സരങ്ങളില്‍ എട്ടിലും സ്പാനിഷ് ടീമുകളാണ് ജയിച്ചത്.

Content Highlights: real madrid, atletico madrid, 2018 super cup