മാഡ്രിഡ്: പതിനാറ് സീസണ്‍ നീണ്ട സുദീര്‍ഘമായ കരിയറിന് വിരാമമിട്ട് സര്‍ജിയോ റാമോസ് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡുമായി വഴിപിരിയുന്നു. ദീര്‍ഘകാലം ടീമിന്റെ നായകനായിരുന്ന മുപ്പത്തിയഞ്ചുകാരനായ റാമോസിന് റയലുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കുകയാണ്.

ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച പ്രതിരോധഭടന്മാരില്‍ ഒരാളായ റാമോസുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബുധനാഴ്ചയാണ് റയല്‍ തീരുമാനമെടുത്തത്. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാര്‍ വേണമെന്നായിരുന്നു റാമോസിന്റെ ആഗ്രഹം. ഇതിനുവേണ്ടി വേതനവര്‍ധന പോലും വേണ്ടെന്നുവയ്ക്കാന്‍ റാമോസ് ഒരുക്കമായരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും നാളുകളായി ക്ലബ് അധികൃതരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയായിരുന്നു. എന്നാല്‍, മുപ്പത് വയസ് കഴിഞ്ഞ കളിക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന് റയല്‍ പ്രസിഡന്റ് ഫിയോറന്റീനൊ പെരസിന്റെ കടുത്ത നിലപാടാണ് റാമോസിന്റെ വഴിയടച്ചത്. ടീമിന്റെ ഔദ്യോഗിക നിലപാട് പുറത്തുവന്ന ഉടനെ റാമോസ് ക്ലബിനുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് തന്റെ ട്വിറ്റര്‍ ഹെഡ്ഡര്‍ മാറ്റി.

segio ramos

റയലിനുവേണ്ടി 671 മത്സരങ്ങളില്‍ നിന്ന് 101 ഗോളുകള്‍ നേടിയിട്ടുണ്ട് സ്പാനിഷ് ദേശീയ ടീം നായകന്‍കൂടിയായ റാമോസ്. സെവിയ്യയ്ക്കുവേണ്ടി കളിച്ചുതുടങ്ങിയ റാമോസ് 2005ലാണ് അന്നത്തെ റെക്കോഡ് തുകയായ 27 ദശലക്ഷം യൂറോയ്ക്ക് റയലില്‍ ചേരുന്നത്. പിന്നീട് ടീമിന്റെ പ്രതിരോധനിരയുടെ നെടുന്തൂണാവുകയായിരുന്നു. ഫിയോറന്റീന പെരസ് പ്രസിഡന്റായി ചുമതലയേറ്റതിനുശേഷം റയല്‍ സ്വന്തമാക്കുന്ന ആദ്യത്തെ സ്പാനിഷ് താരം കൂടിയാണ് റാമോസ്. ഗോള്‍കീപ്പര്‍ ഇകര്‍ കസീയര്‍ പോര്‍ട്ടോയിലേയ്ക്ക് പോയപ്പോഴാണ് 2015ല്‍ റയലിന്റെ നായകനായത്.

റയല്‍ വിട്ടാല്‍ ഭാവി പരിപാടികള്‍ എന്തായിരിക്കുമെന്ന് റാമോസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്‌പെയിനിന് ഒരു ലോകകപ്പും രണ്ട് യൂറോയും അടക്കം ഹാട്രിക് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച റാമോസില്‍ കണ്ണുവച്ച് മുന്‍നിരക്കാര്‍ ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയാണ്. 2023ല്‍ അവസാനിക്കുന്ന രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു കരാറാണ് സിറ്റി വച്ചുനീട്ടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റി എഫ്.സി.യും റാമോസിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് അറിവ്.

Content Highlights: Real Madrid announces exit of Sergio Ramos after 16 years