മഡ്രിഡ്: കരുത്തരായ റയല്‍ മഡ്രിഡും മാഞ്ചെസ്റ്റര്‍ സിറ്റിയും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. റയല്‍ അത്‌ലാന്റയെയും സിറ്റി മോണ്‍ഷെങ്ഗ്ലാഡ്ബാക്കിനെയുമാണ് കീഴടക്കിയത്. 

രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. 34-ാം മിനിട്ടില്‍ കരീം ബെന്‍സേമ റയലിനായി ആദ്യഗോള്‍ നേടി. 60-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് സെര്‍ജിയോ റാമോസ് ലീഡ് രണ്ടാക്കി. 83-ാം മിനിട്ടില്‍ അത്‌ലാന്റയ്ക്കായി മ്യൂറിയേല്‍ ഫ്രൂട്ടോ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും തൊട്ടുപിന്നാലെ റയലിനുവേണ്ടി മാര്‍ക്കോ അസെന്‍സിയോ ഗോള്‍ നേടി. 

രണ്ടു പാദങ്ങളിലുമായി 4-1 എന്ന സ്‌കോറിനാണ് റയലിന്റെ വിജയം. ആദ്യപാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ടീമിന്റെ വിജയം. ഈ വിജയത്തോടെ ഏറ്റവുമധികം തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തുന്ന ടീം എന്ന റെക്കോഡ് റയല്‍ ഊട്ടിയുറപ്പിച്ചു. 36 തവണയാണ് റയല്‍ ക്വാര്‍ട്ടറില്‍ ഇടം നേടിയത്. 30 തവണ പ്രവേശിച്ച ബയേണ്‍ മ്യൂണിക്കാണ് രണ്ടാമത്.

മോണ്‍ഷെങ്ഗ്ലാഡ്ബാക്കിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മാഞ്ചെസ്റ്റര്‍ സിറ്റിയുടെ വിജയം. 12-ാം മിനിട്ടില്‍ കെവിന്‍ ഡിബ്രുയിനെയും 18-ാം മിനിട്ടില്‍ ഗുണ്ടോഗനും സിറ്റിയ്ക്കായി വലകുലുക്കി. ആദ്യ പാദ മത്സരത്തിലും ഇതേ സ്‌കോറിനാണ് സിറ്റി വിജയിച്ചത്. രണ്ട് പാദങ്ങളിലുമായി 4-0 എന്ന സ്‌കോറിന് സിറ്റി മോണ്‍ഷെങ്ഗ്ലാഡ്ബാക്കിനെ കീഴടക്കി. 

ഇന്ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ബയേണ്‍ ലാസിയോയെയും ചെല്‍സി അത്‌ലറ്റിക്കോ മഡ്രിഡിനെയും നേരിടും.

Content Highlights: Real Madrid and Manchester City cruise into UEFA Champions League quarters