മാഡ്രിഡ്: ഐബറിനെതിരായ തോല്‍വിക്ക് ശേഷം റയല്‍ മാഡ്രിഡ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ ഇറ്റലിയില്‍ യുവന്റസ് കുതിപ്പ് തുടരുന്നു. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ വലന്‍സിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. സീരി എയില്‍ ഫിയറെന്റീനോയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു യുവന്റസിന്റെ വിജയം.

മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ ഡാനിയല്‍ വാസിന്റെ സെല്‍ഫ് ഗോളിലൂടെ റയല്‍ ലീഡെടുത്തു. പിന്നീട് 83-ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ വന്നത്. ലൂകാസ് വാസ്‌കസ് ആയിരുന്നു ഗോള്‍ സ്‌കോറര്‍. വിജയത്തോടെ 14 മത്സരങ്ങളില്‍ 23 പോയിന്റുമായി റയല്‍ അഞ്ചാം സ്ഥാനത്തെത്തി.

31-ാം മിനിറ്റില്‍ ബെന്റകുറിന്റെ ഗോളോടെ യുവന്റസ് ലീഡെടുത്തു. രണ്ടാം പകുതിയില്‍ ചെല്ലീനിയുടെ ഡൈവിങ് വോളിയിലൂടെ യുവന്റസ് ലീഡുയര്‍ത്തി. 79-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ കൂടി ലക്ഷ്യം കണ്ടതോടെ യുവന്റസ് വിജയമുറപ്പിച്ചു. ഇതോടെ ഇറ്റാലിയന്‍ ലീഗില്‍ 14 മത്സരങ്ങളില്‍ 40 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 

Content Highlights: Real Madrid and Juventus Win La Liga and Italian League