മാഞ്ചെസ്റ്റര്‍: അങ്ങനെ മാഞ്ചെസ്റ്റര്‍ വീണ്ടും ചുവന്നു. മാഞ്ചെസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. സിറ്റിയുടെ സ്വന്തം മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിലായിരുന്നു യുണൈറ്റഡിന്റെ ജയം.

അവസാന അഞ്ചു മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് യുണൈറ്റഡിന്റെ മുന്നേറ്റം. മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ആന്റണി മാര്‍ഷ്യലും യുണൈറ്റഡിനായി സ്‌കോര്‍ ചെയ്തപ്പോള്‍ സിറ്റിയുടെ ഏക ഗോള്‍ നിക്കോളാസ് ഒട്ടമെന്‍ഡിയുടെ വകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ ടോട്ടനത്തെ പരാജയപ്പെടുത്തിയ യുണൈറ്റഡിന് സിറ്റിക്കെതിരായ മത്സരത്തില്‍ ആ ആത്മവിശ്വാസം തുണയായി. 23-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് റാഷ്‌ഫോര്‍ഡാണ് യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത്. 29-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യലാണ് എത്തിഹാദ് സ്‌റ്റേഡിയത്തെ നിശബ്ദമാക്കിയ രണ്ടാം ഗോള്‍ നേടിയത്. ജെയിംസിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.

ഗോള്‍ തിരിച്ചടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങളെയെല്ലാം യുണൈറ്റഡ് പ്രതിരോധനിര പിന്നീട് ചെറുത്തുനിന്നു. സെറ്റ്പീസുകളിലൂടെയാണ് യുണൈറ്റഡ് പ്രതിരോധത്തെ ഒന്ന് വിറപ്പിക്കാന്‍ സിറ്റിക്കായത്. അതേസമയം തുടരെയുള്ള ആക്രമണങ്ങള്‍ക്ക് ഒടുവില്‍ 85-ാം മിനിറ്റില്‍ സിറ്റിയുടെ ആദ്യ ഗോള്‍ വന്നു. മഹരസിന്റെ കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെ ഒട്ടമെന്‍ഡി പന്ത് യുണൈറ്റഡിന്റെ വലയിലെത്തിച്ചു. എന്നാല്‍ പിന്നീട് പ്രതിരോധത്തിലെ മാറ്റങ്ങളോടെ സിറ്റിയുടെ ആക്രമണത്തെ ചെറുക്കാന്‍ യുണൈറ്റഡിനായി.

16 മത്സരങ്ങളില്‍ നിന്ന് 24 പോയന്റുള്ള യുണൈറ്റഡ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 32 പോയന്റുള്ള സിറ്റി മൂന്നാമതും. കിരീടപ്പോരാട്ടത്തില്‍ മുന്നിലുള്ള ലിവര്‍പൂളിനേക്കാള്‍ 14 പോയന്റ് പിറകിലാണ് ഇപ്പോള്‍ സിറ്റി.

Content Highlights: Rashford, Martial secure huge win for Manchester United vs Manchester City