ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വീണ്ടും വിജയവഴിയില്‍. ഷെഫീല്‍ഡ് യുണൈറ്റഡിനെയാണ് മാഞ്ചെസ്റ്റര്‍ കീഴടക്കിയത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാരുടെ വിജയം. 

ഈ ജയത്തോടെ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ ചെല്‍സിയെ മറികടന്ന് ആറാംസ്ഥാനത്തേക്കുയര്‍ന്നു. 12 മത്സരങ്ങളില്‍ നിന്നും 23 പോയന്റാണ് ടീമിനുള്ളത്.

അഞ്ചാം മിനിട്ടില്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സണിന്റെ പിഴവില്‍ നിന്നും ബോള്‍ പിടിച്ചെടുത്ത ഡേവിഡ് മക്‌ഗോള്‍ഡ്രിക്ക് ഷെഫീല്‍ഡിന് ആദ്യ ലീഡ് സമ്മാനിച്ചു. എന്നാല്‍ 26-ാം മിനിട്ടില്‍ റാഷ്‌ഫോര്‍ഡിലൂടെ യുണൈറ്റഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നാലെ 33-ാം മിനിട്ടില്‍ ആന്റണി മാര്‍ഷ്യല്‍ യുണൈറ്റഡിനായി രണ്ടാം ഗോള്‍ നേടി. 

രണ്ടാം പകുതിയില്‍ റാഷ്‌ഫോര്‍ഡ് വീണ്ടും ഗോള്‍വല ചലിപ്പിച്ചതോടെ യുണൈറ്റഡ് വിജയമുറപ്പിച്ചു. എന്നാല്‍ 87-ാം മിനിട്ടില്‍ ഡേവിഡ് മക്‌ഗോള്‍ഡ്രിക് വീണ്ടും ഷെഫീല്‍ഡിനായി ഗോള്‍ നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പ്രാഥമിക ഘട്ടത്തില്‍ പുറത്തായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗില്‍ കിരീടം നേടിയേ മതിയാകൂ. പരിശീലകന്‍ ഒലെയ്ക്ക് ആശ്വാസം പകരുന്ന വിജയമാണിത്. കഴിഞ്ഞ അഞ്ച് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ടീം തോല്‍വി വഴങ്ങിയിട്ടില്ല. അവസാന മത്സരത്തില്‍ ചിരവൈരികളായ മാഞ്ചെസ്റ്റര്‍ സിറ്റിയെ ഗോള്‍രഹിത മസനിലയില്‍ തളയ്ക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞു. 

Content Highlights: Rashford leads Man United comeback against Sheffield United