ബാഴ്സലോണ: പുതിയ കോച്ച് റൊണാൾഡ് കോമാന്റെ കീഴിൽ ബാഴ്സലോണയിൽ അഴിച്ചുപണി തുടരുന്നു. മെസ്സിയുടെ ക്ലബ്ബ് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇപ്പോഴിതാ ബാഴ്സയുടെ ക്രൊയേഷ്യൻ മധ്യനിര താരം ഇവാൻ റാക്കിറ്റിച്ച് ബാഴ്സ വിട്ടു.

തന്റെ മുൻ ക്ലബ്ബായ സെവിയ്യയിലേക്കാണ് റാക്കിറ്റിച്ച് പോകുന്നത്. ഫ്രീ ട്രാൻസ്‌ഫറിലാണ് താരം മുൻ ക്ലബ്ബിലേക്ക് തിരിച്ചുപോകുന്നത്. സെവിയ്യയുമായി മൂന്നു വർഷത്തേക്കാണ് കരാർ.

പ്രതിഫല തുകയിൽ കാര്യമായ കുറവ് വരുത്തിയ ശേഷമാണ് റാക്കിറ്റിച്ചിന്റെ മാറ്റം. ബാഴ്സയിൽ ഒരു സീസണിൽ എട്ട് ദശലക്ഷം യൂറോ പ്രതിഫലം വാങ്ങിയിരുന്ന താരം അത് മൂന്ന് ദശലക്ഷം യൂറോയായി കുറച്ചാണ് തന്റെ മുൻ ക്ലബ്ബിലേക്ക് മാറിയിരിക്കുന്നത്.

നേരത്തെ മൂന്നു വർഷം സെവിയ്യയ്ക്കായി 149 മത്സരങ്ങൾ കളിച്ച താരമാണ് റാക്കിറ്റിച്ച്. 2013-14ലെ യൂറോപ്പ ലീഗ് കിരീട നേട്ടത്തിൽ താരം പങ്കാളിയായിരുന്നു. പിന്നീടാണ് ബാഴ്സലോണയിലേക്ക് മാറുന്നത്.

നേരത്തെ ലൂയിസ് സുവാരസിനോട് ക്ലബ്ബ് വിടാൻ ബാഴ്സലോണ നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിൽ നിന്നേറ്റ വൻ തോൽവിയുടെ ആഘാതത്തിൽനിന്ന് കരകയറാനുള്ള ക്ലബ്ബിന്റെ ശ്രമങ്ങളുടെ ഭാഗമായി നിരവധി മാറ്റങ്ങളാണ് നടക്കുന്നത്.

പരിശീലകൻ ക്വിക് സെറ്റിയൻ, സ്പോർട്ടിങ് ഡയറക്ടർ എറിക് അബിദാൽ എന്നിവരെ പുറത്താക്കിയതിനു പിന്നാലെ സീനിയർ താരങ്ങളെ ഒഴിവാക്കാനും പുതിയ കളിക്കാരെ കൊണ്ടുവരാനും ക്ലബ്ബ് നീക്കം തുടങ്ങി.

സുവാരസിനൊപ്പം ഇവാൻ റാക്കിറ്റിച്ച്, സാമുവൽ ഉംറ്റിറ്റി എന്നിവർക്കും ക്ലബ് വിടാമെന്ന് പുതിയ പരിശീലകൻ റൊണാൾഡ് കോമാൻ നിർദേശം നൽകിയിരുന്നു. സീനിയർ താരങ്ങളായ ജെറാർഡ് പീക്വെ, ജോർഡി ആൽബ, സെർജിയോ ബുസ്കെറ്റ്സ് എന്നിവരെ ഒഴിവാക്കുമെന്നും സൂചനയുണ്ട്.

Content Highlights: Rakitic to leave Barcelona to join Sevilla after agreeing pay cut