റാഫേല്‍ നഡാലിന്റെ ആ ഫോണ്‍കോളാണ് മാര്‍ക്കോ അസെന്‍സിയോയുടെ കളിജീവിതത്തെ മാറ്റിമറിച്ചത്. റയല്‍ മഡ്രിഡ് ക്ലബ്ബ് പ്രസിഡന്റ് ഫ്ളോറന്റീന പെരസിന്റെ ആവശ്യപ്രകാരമാണ് ടെന്നീസ് ഇതിഹാസം നഡാല്‍ റയല്‍ മയോര്‍ക്കയുടെ സ്പോര്‍ട്ടിങ് ഡയറക്ടറും അസെന്‍സിയോയുടെ അമ്മാവനുമായ മിഗ്വല്‍ എയ്ഞ്ചലിനെ വിളിക്കുന്നത്.

മരുമകനെ മയോര്‍ക്കയില്‍ തളച്ചിടാതെ റയലിലേക്ക് വിടണമെന്നായിരുന്നു ആവശ്യം. വിളിച്ചത് നഡാലും വിളിക്കാന്‍ പ്രേരിപ്പിച്ചത് പെരസുമായതിനാല്‍ മിഗ്വലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. 2014 ഡിസംബര്‍ അഞ്ചിന് മാര്‍ക്കോ അസെന്‍സിയോ വില്യംസെന്‍ സാന്റിയാഗോ ബെര്‍ണാബുവില്‍ അവതരിച്ചു.

മൂന്ന് സീസണ്‍ പിന്നിടുമ്പോള്‍ റയല്‍ മഡ്രിഡ് ഏറ്റവും കൂടുതല്‍ വിടുതല്‍ തുക രേഖപ്പെടുത്തിയ മൂന്നാം താരമാണ് അസെന്‍സിയോ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (7500 കോടി രൂപ) ഗാരത് ബെയ്ലുമാണ് (3750 കോടി) മുന്നിലുള്ളത്. 2327 കോടി രൂപയാണ് റയലിന്റെ സമ്മതമില്ലാതെ അസെന്‍സിയോയെ സ്വന്തമാക്കാന്‍ മറ്റ് ക്ലബ്ബുകള്‍ മുടക്കേണ്ടത്.

റയല്‍ നായകന്‍ സെര്‍ജിയോ റാമോസിന്റെ വിടുതല്‍ തുകയുടെ ഇരട്ടി. അസെന്‍സിയോയുടെ കളിമികവ് ക്ലബ്ബ് നേരത്തേതന്നെ മനസ്സിലാക്കിയെന്ന് സാരം. ബാഴ്സലോണയ്ക്കെതിരായ സ്പാനിഷ് സൂപ്പര്‍കപ്പ് മത്സരങ്ങളോടെ ക്രിസ്റ്റ്യാനോയുടെയും ബെയ്ലിന്റെയും നിഴലില്‍ നിന്ന് സ്?പാനിഷ് വിങ്ങര്‍ പുറത്തുവന്നു.

marco asensio

ഫുട്ബോളിനെ അറിഞ്ഞുതുടങ്ങിയ കാലംമുതല്‍ സിനദിന്‍ സിദാെന്റ ആരാധകനാണ് അസെന്‍സിയോ. ഇഷ്ട ക്ലബ്ബ് ബാഴ്സലോണയായിരുന്നു. 2014-ല്‍ ബാഴ്സ താരത്തെ സമീപിച്ചതുമാണ്. എന്നാല്‍ പ്രതിഫലം കൂടുതലാണെന്ന കാരണത്താല്‍ ബാഴ്സ പിന്മാറി. ഈ സാഹചര്യത്തിലാണ് തന്ത്രശാലിയായ പെരസിന്റെ ഇടപെടല്‍. ബാഴ്സ വീണ്ടും സമീപിച്ചെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി. കഴിഞ്ഞ ദിവസങ്ങളില്‍ നൗകാമ്പിലും സാന്റിയാഗോ ബെര്‍ണാബുവിലും നടത്തിയ പ്രകടനം ബാഴ്സ മാനേജ്മെന്റിന് ഇരട്ട ഷോക്കായിട്ടുണ്ടാകും.

2014-ല്‍ ടീമിലെത്തിയെങ്കിലും സിദാന്‍ പരിശീലകനായതോടെ അസെന്‍സിയോയുടെ കാലം തെളിഞ്ഞു. സൂപ്പര്‍താരബാഹുല്യത്തിലും ഇടതുവിങ്ങിലും അറ്റാക്കിങ് മിഡ്ഫീല്‍ഡിലും കളിക്കാന്‍ സിദാന്‍ അവസരമൊരുക്കി. 

2016-17 കാലത്ത് 38 മത്സരങ്ങളില്‍ ഇറങ്ങി. ക്രിസ്റ്റ്യാനോ-ബെയ്ല്‍-ബെന്‍സേമ ത്രയമെന്ന കോമ്പിനേഷന്‍ പൊളിച്ചാണ് പലപ്പോഴും ആദ്യ ഇലവനില്‍ വരെ അസെന്‍സിയോക്ക് അവസരം ലഭിച്ചത്. മികവുള്ള താരത്തെ കൃത്യമായി ഉപയോഗിക്കുകയെന്ന സിദാന്റെ തന്ത്രമാണിതിന് കാരണം. ഇതിനുപുറമെ സൂപ്പര്‍താരകേന്ദ്രിതമായ ക്ലബ്ബെന്ന പരിവേഷത്തില്‍ നിന്ന് ടീമായി കളിക്കുന്ന റയലിലേക്കുള്ള പരിവര്‍ത്തനത്തില്‍ സിദാന്റെ തുറുപ്പുചീട്ടും 21-കാരനായ അസെന്‍സിയോയായിരുന്നു.

അണ്ടര്‍-19, 21 യൂറോകപ്പുകളില്‍ സ്പാനിഷ് ടീമിനുവേണ്ടി നടത്തിയ മിന്നുന്ന പ്രകടനത്തോടെയാണ് അസെന്‍സിയോ വമ്പന്‍ ക്ലബ്ബുകളുടെ ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. റയല്‍ മയോര്‍ക്ക ക്ലബ്ബിലൂടെയാണ് കളി തുടങ്ങിയതെങ്കിലും സീനിയര്‍ തലത്തില്‍ അവര്‍ക്ക് വേണ്ടി കൂടുതല്‍ കളിക്കാനായിട്ടില്ല.