എന്തൊരു വൈബാണ് അതിന്


എം.പാര്‍വതി / എം.എം.ജാഫര്‍ ഖാന്‍

'ഇതുവെറും പന്തല്ല, ഭൂഗോളമാണ്. പ്രണയിച്ചുതുടങ്ങിയാല്‍ ഇതു നിന്നെയുംകൊണ്ട് ലോകംമുഴുവന്‍ ചുറ്റും''

ബന്ധുക്കളായ അപർണ, അമൃത എന്നിവരോടൊപ്പം പാർവതി (വലത്തേയറ്റം) മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ. സന്തോഷ് ട്രോഫി മത്സരങ്ങൾ കാണാനെത്തിയപ്പോൾ പകർത്തിയ ചിത്രം

ഫുട്‌ബോള്‍ ലൈബ്രറി എന്നത് ഇവിടെയാരെങ്കിലും ആലോചിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും സിനിമകളും ഡോക്യുമെന്ററികളുമെല്ലാം ശേഖരിക്കുന്നൊരാള്‍ വണ്ടൂരിലുണ്ട്. പോരൂരിലെ രവിമംഗലത്തുളള പാര്‍വതി. അതില്‍ റെഡ്‌സോണ്‍ മുതല്‍ ബംഗാളി നോവലിസ്റ്റ് മോത്തി നന്ദിയുടെ സ്‌ട്രൈക്കര്‍ സ്റ്റോപ്പര്‍ വരെയുള്ള പുസ്തകങ്ങളുണ്ട്. ഗോള്‍ മുതല്‍ ടു ഹാഫ് ടൈംസ് ഇന്‍ ഹെല്‍ വരെയുള്ള സിനിമകളും ഡോക്യുമെന്ററികളുമുണ്ട്.

ഫുട്‌ബോളിന്റെ രാഷ്ട്രീയവും സാഹിത്യവും സിനിമയും എല്ലാം പഠനവിധേയമാക്കുകയാണ് എറണാകുളം സെയ്ന്റ് തെരേസാസ് കോളേജിലെ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിയായ പാര്‍വതി. ഖത്തര്‍ ലോകകപ്പിനെയും അവര്‍ പഠിക്കുന്നു. ലോകകപ്പിലെ ടീമുകളും അവരെ കാണാനെത്തുന്ന കാണികളുമാണ് വിഷയം.ലോകകപ്പ് വരുമ്പോള്‍

സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ ജനിച്ച 'ജെന്‍ സെഡ് ഏജ് ഗ്രൂപ്പായ' ഞങ്ങളുടെ ആദ്യത്തെ ലോകകപ്പായിരുന്നു 2014-ലേത്. 2010-ലെ ക്ഷീണം അര്‍ജന്റീന മെസ്സിയിലൂടെ തീര്‍ക്കും എന്ന പ്രതീക്ഷയിലാണ് അച്ഛനടക്കമുള്ള അര്‍ജന്റീന ആരാധകര്‍ വീടിന് തൊട്ടടുത്തുള്ള യുവധാര ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബിലേക്ക് എന്നും രാത്രി കളി കാണാന്‍ പോയത്. അച്ഛനോടൊപ്പം സ്ഥിരമായി ഞാനും പോകും. മെസ്സി ആരാണെന്നും ഫുട്‌ബോള്‍ എന്താണെന്നും മനസ്സിലാകുന്നത് അവിടെവെച്ചാണ്. അടുത്തദിവസം വീടിന്റെ തൊട്ടടുത്ത ചായക്കടയിലിരുന്ന് ടീമിനെക്കുറിച്ചും താരങ്ങളെക്കുറിച്ചും നാട്ടിലെ സാധാരണ ഫുട്‌ബോള്‍ പ്രേമികള്‍ എല്ലാവരുംകൂടി ചര്‍ച്ചചെയ്യുന്നത് കേള്‍ക്കുമ്പോള്‍ അവര്‍ക്കൊപ്പമിരുന്ന് സ്വന്തം ടീമിനുവേണ്ടി വാദിക്കാനൊക്കെ അന്നു തോന്നിയിട്ടുണ്ട്. 2018 ലോകകപ്പ് കാണുമ്പോഴേക്കും അച്ഛന്റെ ഇടതുപക്ഷ അനുഭാവവും ചെഗുവേരയും ഫുട്‌ബോള്‍ സിനിമകളും ഫുട്‌ബോള്‍ സാഹിത്യവുമെല്ലാം കുറച്ചൊക്കെ എന്നെയും സ്വാധീനിക്കാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കുറച്ചുകൂടി തെളിച്ചത്തോടെയാണ് ആ ലോകകപ്പ് കണ്ടത്. അര്‍ജന്റീനയുടെ പ്രകടനത്തിലുള്ള ആത്മവിശ്വാസക്കുറവുമൂലം അച്ഛന്‍ യുവധാരയില്‍ പോയുള്ള കളികാണല്‍ പതുക്കെ വീട്ടിലേക്കു മാറ്റിയിരുന്നു. അതെനിക്കും അനിയത്തിക്കും ഒരുകണക്കിന് സൗകര്യമായി. ഒരു തരത്തിലും ഫുട്‌ബോള്‍ താത്പര്യമില്ലാത്ത അമ്മയും മെസ്സിയുണ്ടെങ്കില്‍ കളി കാണാമെന്ന ഒരു മൂഡിലേക്ക് എത്തിയിരുന്നു. അങ്ങനെ ഞങ്ങള്‍ കുടുംബസമേതം ആ ലോകകപ്പ് കണ്ടു. കാര്യങ്ങള്‍ ആശങ്കപ്പെട്ടതുപോലെ സംഭവിച്ചു. അര്‍ജന്റീന തോറ്റു. മെസ്സി തലതാഴ്ത്തി മടങ്ങി. ഞാന്‍ ആ ലോകകപ്പില്‍ ഒരു ചെറിയ ടീമിനെ പിന്തുണയ്ക്കുക എന്ന തോന്നലില്‍ ക്രൊയേഷ്യക്കൊപ്പം കൂടി. ഫ്രാന്‍സ് ആ പ്രതീക്ഷയും തകര്‍ത്തു.

സന്തോഷം തന്ന സന്തോഷ് ട്രോഫി

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരങ്ങള്‍ വന്നപ്പോഴാണ് പൊതുവേ ആണത്തത്തിന്റെ സെലിബ്രേഷനായ ഫുട്‌ബോളിലെ പെണ്ണിടങ്ങളെക്കുറിച്ച് പിന്നെയും ആശങ്കപ്പെട്ടുതുടങ്ങിയത്. അന്ന് ക്ലബ്ബിലും ചായക്കടയിലും വെയിറ്റിങ് ഷെഡ്ഡിലും ഇരിക്കാന്‍ പറ്റാതെപോയ സങ്കടം സന്താഷ് ട്രോഫി കാഴ്ചകളോടെ സന്തോഷമായി. അമ്മയുടെയും അച്ഛന്റെയും അനിയത്തിയുടെയും മറ്റു ചേച്ചിമാരുടെയും കൂടെ ഗാലറിയിലിരുന്ന് കേരളത്തിന്റെ കളികളെല്ലാം കണ്ടു. നോമ്പുകാലം ആയതുകൊണ്ട് ഗാലറിയിലെ സമൂഹ നോമ്പുതുറയില്‍ സമൂസയും കട്ലറ്റും കഴിച്ച് ആഹ്ലാദപൂര്‍വം പങ്കെടുത്തു. കേരളത്തിനൊപ്പംനിന്ന് ആര്‍ത്തുവിളിച്ചു. ഉള്ളിലുണ്ടായിരുന്ന ഒരു പെണ്‍കാണിയുടെ ജെന്‍ഡര്‍ ഇക്വാലിറ്റിയെക്കുറിച്ചുള്ള ആശങ്കകള്‍ ആ സ്റ്റേഡിയത്തില്‍ ഉപേക്ഷിച്ചിട്ടാണ് തിരിച്ചുപോന്നത്. അതുപോലൊരു വൈബാണ് സന്തോഷ് ട്രോഫി തന്നത്. മലപ്പുറം പൊളിയാണ്. സത്യത്തില്‍ മനുഷ്യരെ ജാതി-മത-വര്‍ണ-ലിംഗ ചിന്തകള്‍ക്കപ്പുറം ഒന്നാക്കാനുള്ള കഴിവാണ് ഫുട്‌ബോളിന്റെ മഹത്ത്വം.

ഫുട്‌ബോള്‍ എഴുത്ത്

ലോക്ഡൗണ്‍ സമയത്ത് അച്ഛനുമായിച്ചേര്‍ന്ന് മാറഡോണയെക്കുറിച്ച് ലോകത്തെഴുതപ്പെട്ട കവിതകളും വാഴ്ത്തുപാട്ടുകളും സമാഹരിച്ചിരുന്നു. അതു മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്ത് പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ്. ഇതിലൊരു കവിത മാതൃഭൂമി സ്പോര്‍ട്‌സ് മാസിക അര്‍ജന്റീന പ്രത്യേകപതിപ്പില്‍ പ്രസിദ്ധീകരിച്ചു. ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പിനായി ഗലിയാനോയുടെ സണ്‍ ആന്‍ഡ് ഷാഡോയും മാറഡോണയുടെ എല്‍ ഡീഗോയും ആയിടക്കാണ് വായിക്കുന്നത്.

ഇത്തവണത്തെ സാധ്യത

ഖത്തര്‍ ലോകകപ്പില്‍ വമ്പന്‍ ടീമുകളായ ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍, ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ വമ്പന്‍മാരുടെ വിജയസാധ്യത നിലനില്‍ക്കുന്നതിനോടൊപ്പംതന്നെ ചെറുടീമുകളുടെ പോരാട്ടവും ചെറുത്തുനില്‍പ്പും ചര്‍ച്ചചെയ്യപ്പെടണം.

ഇതില്‍ എടുത്തുപറയേണ്ടത് ആറുവര്‍ഷമായി ഫിഫ റാങ്കിങ്ങില്‍ ഒന്നോ രണ്ടോ സ്ഥാനത്തുനില്‍ക്കുന്ന ബെല്‍ജിയത്തിന്റെ പ്രകടനമാണ്. റൊമേലു ലുക്കാക്കുവിന്റെയും എഡന്‍ ഹസാഡിന്റെയും 'റെഡ് ഡെവിള്‍സ്' ഫുട്‌ബോള്‍ രാജാക്കന്‍മാരെ അട്ടിമറിച്ചാലും അതിശയിക്കാനില്ല. ഇത് മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും ഹസാഡിന്റെയും മോഡ്രിച്ചിന്റെയും അവസാന ലോകകപ്പാകുമെന്നത് മറ്റൊരു സങ്കടം.

മലപ്രക്കാട്ടില്‍ അജയ്കുമാറിന്റെയും മിനിയുടെയും മകള്‍. സഹോദരി രേവതി. എറണാകുളം സെയ്ന്റ് തെരേസാസില്‍ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ അവസാനവര്‍ഷ വിദ്യാര്‍ഥി.

Content Highlights: qatar worldcup analysis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented