ദോഹ: 2022 -ലെ ഖത്തര്‍ ലോകകപ്പിന്റെ കിക്ക് ഓഫ് അല്‍ഖോറിലെ അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍. ലോകകപ്പിന്റെ അന്തിമ മത്സരക്രമം ഫിഫയും ഖത്തര്‍ സുപ്രീംകമ്മിറ്റിയും ചേര്‍ന്ന് പ്രഖ്യാപിച്ചു. നവംബര്‍ 21-നാണ് ആദ്യ മത്സരം. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ 60,000 കാണികളെയാണ് ഉള്‍ക്കൊള്ളിക്കാനാവുക. 

ഫൈനല്‍ 80,000 സീറ്റുകളുള്ള ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തില്‍ ഡിസംബര്‍ 18-ന് നടക്കും. ഉദ്ഘാടന മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം ആരംഭിക്കും. ദിവസം നാല് മത്സരങ്ങളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ 12 ദിവസങ്ങളായി നടക്കുക. എട്ട് സ്റ്റേഡിയങ്ങളിലായിട്ടാണ് മത്സരങ്ങള്‍. 

പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ഗ്രൂപ്പ് മത്സരങ്ങള്‍ ആരംഭിക്കുക. രാത്രി 10-ന് അവസാന മത്സരം തുടങ്ങും. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം പ്രീ ക്വാര്‍ട്ടര്‍ തുടങ്ങും. രണ്ടു മത്സരങ്ങളാണ് ദിവസവും ഉണ്ടാകുക. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ക്വാര്‍ട്ടര്‍ തുടങ്ങും. 

ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ ഏഷ്യയിലും ആഫ്രിക്കയിലും ആരംഭിച്ചിട്ടുണ്ടെങ്കിലും യൂറോപ്പിലും വടക്ക്-തെക്കന്‍ അമേരിക്കയിലും ഇനിയും തുടങ്ങിയിട്ടില്ല.

Content Highlights: Qatar World Cup 2022 To Begin On November 21 As FIFA Announces Schedule