പാരിസ്: സെന്റ് എറ്റിയെന്നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് പി.എസ്.ജി ഫ്രഞ്ച് കപ്പ് ജേതാക്കളായി. 14-ാം മിനിറ്റില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറാണ് പി.എസ്.ജിയുടെ വിജയ ഗോള്‍ നേടിയത്. 

ക്ലബ്ബിന്റെ 13-ാം ഫ്രഞ്ച് കപ്പ് കിരീട നേട്ടമാണിത്. കോവിഡ്-19 രോഗവ്യാപനം കാരണം ലീഗ് 1 സീസണ്‍ ഏപ്രിലില്‍ അവസാനിപ്പിച്ചതിനാല്‍ പി.എസ്.ജിയെ ജേതാക്കളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അടുത്ത വെള്ളിയാഴ്ച ലീഗ് കപ്പ് ഫൈനലില്‍ ലിയോണിനെ നേരിടാനൊരുങ്ങുകയാണ് പി.എസ്.ജി.

ഫ്രഞ്ച് കപ്പ് കിരീടം സ്വന്തമാക്കിയെങ്കിലും മത്സരത്തിനിടെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് പരിക്കേറ്റത് ക്ലബ്ബിന് വലിയ തിരിച്ചടിയായി. 31-ാം മിനിറ്റില്‍ സെന്റ് എറ്റിയെന്നെ ക്യാപ്റ്റന്‍ ലോയ്ക് പെറിനിന്റെ ടാക്ലിങ്ങിലാണ് താരത്തിന് പരിക്കേറ്റത്. ഈ ഫൗളിന് പെറിന് ചുവപ്പുകാര്‍ഡ് ലഭിക്കുകയും ചെയ്തു. കരഞ്ഞുകൊണ്ട് കളംവിട്ട എംബാപ്പെയെ പിന്നീട് ക്രച്ചസിലാണ് കാണപ്പെട്ടത്. പരിക്ക് സാരമുള്ളതാണെന്നാണ് പ്രാഥമിക വിവരം.

31-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങേണ്ടി വന്നെങ്കിലും സെന്റ് എറ്റിയെന്നെ പിന്നീട് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. അതേസമയം എംബാപ്പെയുടെ പരിക്ക് ലിയോണിനെതിരായ ലീഗ് കപ്പ് ഫൈനലും ചാമ്പ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റയ്‌ക്കെതിരേ ക്വാര്‍ട്ടര്‍ ഫൈനലും കളിക്കാനൊരുങ്ങുന്ന പി.എസ്.ജിക്ക് വലിയ തിരിച്ചടിയാണ്.

Content Highlights: PSG wins French Cup final on Neymar's goal Mbappe suffers ankle injury