പാരിസ്: അവസാന ലീഗ് മത്സരത്തില്‍ എതിര്‍താരത്തെ പിടിച്ചു തള്ളിയ പി.എസ്.ജി സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് മൂന്നു മത്സര വിലക്ക്.

ഫ്രഞ്ച് ലീഗില്‍ നിമെസിനെതിരേ പി.എസ്.ജി 4-2 ന് വിജയിച്ച മത്സരത്തിലാണ് എതിര്‍ താരത്തിനെതിരേ എംബാപ്പെയുടെ അതിക്രമമുണ്ടായത്. 

നിമെസ് താരം തെജി സവനിയറിന്റെ ഫൗളില്‍ നിലത്ത് വീണ എംബാപ്പെ ചാടി എഴുന്നേറ്റ് താരത്തെ പിടിച്ച് തള്ളുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സവനിയര്‍ നിലത്തുവീണു. പിന്നാലെ റഫറി എംബാപ്പെയ്ക്ക് ചുവപ്പു കാര്‍ഡ് നല്‍കിയിരുന്നു. 

ഇതിനു പിന്നാലെയാണ് എംബാപ്പെയെ വിശദമായ അന്വേഷണത്തിന് ശേഷം 3 ഫ്രഞ്ച് ലീഗ് മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ അച്ചടക്കസമിതി തീരുമാനിച്ചത്. വിലക്കിനെത്തുടര്‍ന്ന്, സെന്റ് എറ്റിനിന്‍, റെനസ്, റീംസ് എന്നിവര്‍ക്കെതിരേയുള്ള മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും. എംബപ്പേയുമായി കോര്‍ത്ത സവനിയറിനെ നേരത്തെ 5 മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു.

Content Highlights: psg striker mbappe handed 3 match ban for red card