ലൈംഗിക പീഡനക്കേസിന്റെ അന്വേഷണവുമായി സഹകരിക്കാത്തതിനാലാണ് തന്നെ കരാറില്‍ നിന്ന് ഒഴിവാക്കിയതെന്ന നൈക്കിയുടെ ആരോപണത്തിനെതിരേ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ രംഗത്ത്. നൈക്കി കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശുദ്ധ നുണയാണെന്ന് നെയ്മര്‍ പറഞ്ഞു.

ഞാന്‍ അന്വേഷണവുമായി സഹകരിക്കാത്തതുകൊണ്ടാണ് കരാര്‍ റദ്ദാക്കിയതെന്ന വാദം ശുദ്ധ നുണയാണ്. അന്വേഷണത്തില്‍ എന്റെ വാദം ഉന്നയിക്കാന്‍ എനിക്ക് അവസരം നല്‍കിയിരുന്നില്ല. എനിക്കെതിരേ ആരോപണം ഉന്നയിച്ച വ്യക്തി ആരാണെന്ന് അറിയാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. എനിക്ക് അവരെ അറിയുക പോലുമില്ല. അത്തരത്തില്‍ ഒരു വ്യക്തിയുമായി ഒരിക്കലും അത്തരത്തിലൊരു ബന്ധം എനിക്കുണ്ടായിട്ടില്ല-ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നെയ്മര്‍ പറഞ്ഞു.

2016ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പുതിയ ഷൂസിന്റെ പരസ്യത്തിന്റെ പ്രൊമോഷനുവേണ്ടി ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ നെയ്മര്‍ തന്നെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു എന്നായിരുന്നു ഒരു ജീവനക്കാരിയുടെ പരാതി. രണ്ടു വര്‍ഷത്തിനുശേഷം വാള്‍സ്ട്രീറ്റ് ജേണലായിരുന്നു ഈ വാര്‍ത്ത പുറത്തുവിട്ടത്.

എന്നാല്‍, അന്നുതന്നെ നെയ്മര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. 2017ലും താന്‍ ഇതേ സംഘത്തിനൊപ്പം പ്രൊമോഷണല്‍ ടൂറിന് പോയിരുന്നുവെന്നും അന്നൊന്നും ഇത്തരമൊരു പരാതി ഉയര്‍ന്നിരുന്നില്ലെന്നും നെയ്മര്‍ വിശദീകരിച്ചു.

ഇതിനെ തുടര്‍ന്ന് 2020ല്‍ പി.എസ്.ജി.യുടെ താരമായ നെയ്മറുമായുള്ള ദീര്‍ഘനാളത്തെ കരാര്‍ റദ്ദാക്കുകയും ചെയ്തു. നെയ്മര്‍ക്ക് പതിമൂന്ന് വയസുള്ളപ്പോള്‍ മുതല്‍ നൈക്കിയായിരുന്നു സ്‌പോണ്‍സര്‍. 

തികച്ചും ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് കമ്പനിയുമായുള്ള ബന്ധം വിടുന്നത എന്നായിരുന്നു നെയ്മര്‍ വിശദീരിച്ചത്. നൈക്കി തന്റെ മകനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് നെയ്മറുടെ അച്ഛനും ആരോപിച്ചിരുന്നു.

നൈക്കിയുമായുള്ള ബന്ധം വിച്‌ഛേദിച്ചതോടെ നെയ്മര്‍ പ്യൂമയുമായി കരാറില്‍ ഏര്‍പ്പെട്ടു.

Content Highlights: PSG Soccer Star Neymar Says Nike Sexual Assault Claim is An Absurd Lie