പി.എസ്.ജിയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയ്ക്ക് പരിക്ക്. കാല്‍മുട്ടിനാണ് പരിക്ക്. ഇതോടെ ലീഗ് വണ്ണിലെ മെറ്റ്‌സിനെതിരായ മത്സരം താരത്തിന് നഷ്ടമാകും. 

ഇടത്തേ കാല്‍മുട്ടിനാണ് പരിക്കേറ്റത്. വേദന കൂടിയതോടെ താരത്തെ എം.ആര്‍.ഐ സ്‌കാനിങ്ങിന് വിധേയനാക്കി. എല്ലിന് ചതവുണ്ടെന്നാണ് പ്രാഥമിക നിഗമനം. മറ്റു ടെസ്റ്റുകള്‍ക്ക് വേണ്ടി മെസ്സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മെസ്സിയുടെ പരിക്ക് പി.എസ്.ജിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയാണ് പി.എസ്.ജിയുടെ അടുത്ത എതിരാളി. പരിക്ക് ഗുരുതരമാണെങ്കില്‍ മെസ്സിയ്ക്ക് സിറ്റിയ്‌ക്കെതിരായ മത്സരം നഷ്ടമാകും. സെപ്റ്റംബര്‍ 28 നാണ് മത്സരം. 

ഈ സീസണില്‍ പി.എസ്.ജിയില്‍ എത്തിയ മെസ്സി മൂന്ന് മത്സരങ്ങളില്‍ പന്തുതട്ടിയെങ്കിലും ഇതുവരെ ഗോള്‍ നേടിയിട്ടില്ല.

Content Highlights: PSG's Lionel Messi suffers knee injury, doubtful for Manchester City clash