Photo: AP
പാരീസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ താത്പര്യമില്ലെന്ന് വെളിപ്പെടുത്തി പി.എസ്.ജി. പുതിയ സീസണില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വിടാനൊരുങ്ങുന്ന റൊണാള്‍ഡോയ്ക്ക് കനത്ത തിരിച്ചടിയാണ് പി.എസ്.ജി നല്‍കിയിരിക്കുന്നത്.
റൊണാള്‍ഡോയുടെ ഏജന്റ് ഓര്‍ഗെ മെന്‍ഡെസ് പി.എസ്.ജി ഉടമ നാസ്സര്‍ അല്‍ ഖെലൈഫിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ തുടങ്ങിയ ലോകോത്തര താരങ്ങള്‍ അണിനിരക്കുന്ന പി.എസ്.ജിയിലേക്ക് റൊണാള്ഡോയുമെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
റൊണാള്‍ഡോയുടെ ഭീമമായ പ്രതിഫലം താങ്ങാനാകില്ലെന്ന നിലപാടിലാണ് പി.എസ്.ജി. താരത്തിന് ആഴ്ചയില്‍ അഞ്ച് ലക്ഷം യൂറോ (ഏകദേശം നാലുകോടി രൂപ)യാണ് പ്രതിഫലമായി നല്‍കേണ്ടത്. നിലവില്‍ വളരെ കുറച്ചുക്ലബ്ബുകള്ക്ക് മാത്രമാണ് ഈ പ്രതിഫലം താങ്ങാനാകുക.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് റൊണാള്‍ഡോയെ വില്ക്കാന് താത്പര്യമില്ലെന്ന് ടീമിന്റെ പരിശീലകന് എറിക് ടെന്‍ ഹാഗ് നേരത്തേ വ്യക്തമാക്കിയിരുന്നു. ടെന്‍ ഹാഗിന്റെ ടീമില്‍ റൊണാള്‍ഡോയ്ക്ക് വലിയ സ്ഥാനമുണ്ട്. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്താണ് ടീം എത്തിയത്. ഇതേത്തുടര്‍ന്ന് യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗ് യോഗ്യത നഷ്ടമായിരുന്നു. എന്നാല്‍ ടെന്‍ ഹാഗിന്റെ കീഴില്‍ ആദ്യ പ്രീസീസണ് മത്സരത്തിനിറങ്ങിയ ചുവന്ന ചെകുത്താന്മാര് കരുത്തരായ ലിവര്‍പൂളിനെ എതിരില്ലാത്ത നാലുഗോളിന് തകര്‍ത്ത് തുടക്കം ഗംഭീരമാക്കിയിരുന്നു. എന്നാല്‍ റൊണാള്‍ഡോ ടീമിനൊപ്പമില്ല. കുടുംബപരമായ കാരണങ്ങള്‍ നിരത്തിയാണ് താരം ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
ചാമ്പ്യന്‍സ് ലീഗില്‍ കളിക്കുക എന്ന മോഹത്തിന്റെ പേരിലാണ് റൊണാള്‍ഡോ യുണൈറ്റഡ് വിടാനൊരുങ്ങുന്നത്. താരത്തെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി രംഗത്തുണ്ടെന്നാണ് സൂചന. എന്നാല്‍ റൊണാള്‍ഡോയ്ക്ക് യുണൈറ്റഡുമായി ഒരു വര്‍ഷത്തെ കരാര്‍ കൂടി നിലനില്‍ക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..