ലണ്ടന്‍: ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മര്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി യുവേഫ.
ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരത്തിനു പിന്നാലെ മാച്ച് റഫറിമാര്‍ക്കെതിരേ മോശം വാക്കുകള്‍ ഉപയോഗിച്ചതാണ് താരത്തിനെതിരേ നടപടിയെടുക്കാന്‍ കാരണം. സംഭവം യുവേഫയുടെ അന്വേഷണ സമിതി അന്വേഷിച്ചിരുന്നു.
വിഷയത്തില്‍ നെയ്മറുടെ വാദം കേള്‍ക്കാനുള്ള തീയതി പിന്നീട് അറിയിക്കും. കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ അടുത്ത ചാമ്പ്യന്‍സ് ലീഗ് സീസണിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ നെയ്മര്‍ക്ക് നഷ്ടമാകും.
മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരേ പി.എസ്.ജി 3-1 ന് തോറ്റ് പുറത്തായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ യുണൈറ്റഡിന് അനുവദിച്ച പെനാല്‍റ്റിയാണ് നെയ്മറെ ചൊടിപ്പിച്ചത്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നെയ്മര്‍ ഈ മത്സരത്തില്‍ കളിച്ചിരുന്നില്ല. വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനത്തിന്റെ പരിശോധനയിലാണ് പെനാല്‍റ്റി വിധിച്ചത്.
ഇക്കാര്യത്തില്‍ വാറിനെതിരേ ആഞ്ഞടിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് നെയ്മര്‍ മാച്ച് റഫറിമാര്‍ക്കെതിരേ മോശം വാക്കുകള്‍ ഉപയോഗിച്ചത്. ഇഞ്ചുറി ടൈമില്‍ യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി അനുവദിക്കാനുള്ള തീരുമാനം നാണക്കേടായെന്നും താരം പറഞ്ഞിരുന്നു.
ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു റാഷ്‌ഫോര്‍ഡിന്റെ പെനാല്‍റ്റി ഗോള്‍. ഡിയോഗോ ഡാലറ്റിന്റെ കിക്ക് കിംബെപ്പെയുടെ കൈയില്‍ തട്ടിയതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റിയാണ് റാഷ്‌ഫോര്‍ഡ് ലക്ഷ്യത്തിലെത്തിച്ചത്. വാറിന്റെ അടിസ്ഥാനത്തിലാണ് സ്ലൊവേനിയന്‍ റഫറി ഡാമിര്‍ സ്‌കോമിന പെനാല്‍റ്റി അനുവദിച്ചത്.
അത് ഒരിക്കലും പെനാല്‍റ്റിയല്ല, കിംബെപ്പെ പുറം തിരിഞ്ഞാണ് നില്‍ക്കുന്നത്. മന:പൂര്‍വമായിരുന്നില്ല ആ ഹാന്‍ഡ്ബോള്‍. സംഭവങ്ങള്‍ സ്ലോ മോഷനില്‍ കാണാന്‍, ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്ത നാല് പേരെയാണ് 'വാറില്‍' വിധി നിര്‍ണയിക്കാന്‍ നിയമിച്ചിരിക്കുന്നതെന്നും നെയ്മര്‍ തുറന്നടിച്ചിരുന്നു.
പെനാല്‍റ്റി ലഭിച്ചതോടെ ആദ്യ പാദത്തില്‍ യുണൈറ്റഡിനെതിരേ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയിച്ച പി.എസ്.ജിക്ക് രണ്ടാം പാദത്തില്‍ 3-1 ന്റെ തോല്‍വി പിണഞ്ഞു. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്താകുകയും ചെയ്തു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പി.എസ്. ജി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്താതെ പുറത്താവുന്നത്.
Content Highlights: psg neymar charged for rant after champions league loss
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..