പാരിസ്: ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന മത്സരത്തിനിടെ മാഴ്‌സ താരം അല്‍വാരോ ഗോണ്‍സാലസിന്റെ തലയ്ക്ക് പിന്നില്‍ ഇടിച്ചതിന് പി.എസ്.ജി താരം നെയ്മര്‍ക്ക് രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്ക്. ബുധനാഴ്ച ലീഗ് 1 സംഘാടകര്‍ തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.

അതേസമയം അല്‍വാരോ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന നെയ്മറുടെ ആരോപണം അന്വേഷിക്കുമെന്നും ലീഗ് 1 പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

പി.എസ്.ജി - മാഴ്‌സ മത്സരത്തിന്റെ ഇന്‍ജുറി ടൈമിലായിരുന്നു ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ മൈതാനത്ത് ഏറ്റുമുട്ടിയത്. പി.എസ്.ജിയുടെ സൂപ്പര്‍ താരം നെയ്മര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. 12 താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡും കിട്ടി.

നെയ്മറെക്കൂടാതെ പി.എസ്.ജിയില്‍ ലെവിന്‍ കുര്‍സാവ, ലിയാന്‍ഡ്രോ പരദേസ് എന്നിവര്‍ക്കും മാഴ്‌സയില്‍ ജോര്‍ദാന്‍ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവര്‍ക്കുമാണ് ചുവപ്പ് കാര്‍ഡ് കിട്ടിയത്. മത്സരത്തില്‍ പി.എസ്.ജി ഒരൊറ്റ ഗോളിന് തോല്‍ക്കുകയും ചെയ്തു.

പി.എസ്.ജി ഡിഫന്‍ഡര്‍ ലെവിന്‍ കുര്‍സാവയെ ആറു മത്സരങ്ങളില്‍ നിന്നാണ് വിലക്കിയിരിക്കുന്നത്. മാഴ്‌സ താരം ജോര്‍ദാന്‍ അമാവിക്ക് മൂന്നു മത്സര വിലക്കും ലഭിച്ചു. 

മത്സരത്തിനിടയിലെ കയ്യാങ്കളിക്കു പിന്നാലെയാണ് അല്‍വാരോ ഗോണ്‍സാലസിനെതിരേ ഗുരുതര ആരോപണവുമായി നെയ്മര്‍ രംഗത്തെത്തിയത്. മത്സരത്തിനിടെ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നാണ് ഗോണ്‍സാലസിന്റെ തലയ്ക്ക് പിന്നില്‍ താന്‍ ഇടിച്ചതെന്നും നെയ്മര്‍ പറഞ്ഞിരുന്നു.

മത്സരശേഷം തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ നെയ്മര്‍ ഗോണ്‍സാലസിനെ തെറി വിളിച്ച് വീണ്ടും രംഗത്തെത്തി. ഗോണ്‍സാലസിന്റെ മുഖത്ത് ഇടിക്കാത്തതാണ് തന്റെ സങ്കടം എന്നു പറഞ്ഞ നെയ്മര്‍ അസഭ്യമായ വാക്ക് ഉപയോഗിച്ചാണ് മാഴ്‌സ പ്രതിരോധ താരത്തെ അഭിസംബോധന ചെയ്തത്.

ഇതിനെതിരേ ഗോണ്‍സാലസും രംഗത്തെത്തി. പരാജയം ഉള്‍ക്കൊള്ളാന്‍ നെയ്മര്‍ക്ക് അറിയില്ലെന്നും ഗ്രൗണ്ടില്‍ സംഭവിക്കുന്നത് ഗ്രൗണ്ടില്‍ തീര്‍ക്കാന്‍ അറിയണമെന്നുമായിരുന്നു ഗോണ്‍സാലസിന്റെ മറുപടി. നെയ്മറെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവും മാഴ്‌സ താരം നിഷേധിച്ചു.

Content Highlights: PSG Marseille brawl Neymar banned for two games LFP investigates racism allegations