പാരിസ്: ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ പി.എസ്.ജിക്ക് കനത്ത തിരിച്ചടി. 36-ാം റൗണ്ട് മത്സരത്തില്‍ റെന്നെസിനെതിരേ സമനില വഴങ്ങിയതോടെ ഒന്നാം സ്ഥാനത്തുള്ള ലില്ലിന് പി.എസ്.ജിയേക്കാള്‍ മൂന്നു പോയന്റ് ലീഡായി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

ശേഷിക്കുന്ന രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയന്റ് നേടിയാല്‍ ലില്‍ കിരീടമുയര്‍ത്തും.

റെന്നെസിനെതിരേ ജയം മാത്രം ലക്ഷ്യമിട്ടാണ് പി.എസ്.ജി കളത്തിലിറങ്ങിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് നെയ്മര്‍ അവര്‍ക്ക് ലീഡ് നേടിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ 70-ാം മിനിറ്റില്‍ സെര്‍ഹോ ഗുയിരസ്സി റെന്നെസിനായി സമനില ഗോള്‍ നേടി. 87-ാം മിനിറ്റില്‍ കിംപെംബെ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായതും അവര്‍ക്ക് തിരിച്ചടിയായി.

ലീഗില്‍ 36 റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ലില്‍ 79 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 76 പോയന്റുമായി പി.എസ്.ജി രണ്ടാമതും.

Content Highlights: PSG Ligue 1 title hopes take a major hit after draw against Rennes