Photo: AFP
മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കിരീടമുയര്‍ത്താന്‍ താരസമ്പന്ന നിരയായ പി.എസ്.ജി ഇനിയും കാത്തിരിക്കണം. ഇത്തവണയും ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ബയേണ്‍ മ്യൂണിക്കിനെതിരായ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പരാജയമേറ്റുവാങ്ങിയതോടെ പി.എസ്.ജി പുറത്താകുകയായിരുന്നു.
ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ആതിഥേയര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജിയെ തകര്‍ത്തുവിട്ടു. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയുമെല്ലാം കളത്തിലിറങ്ങിയിട്ടും ടീമിന് വിജയം നേടാനായില്ല. പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ബയേണ്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 3-0 ന് വിജയം നേടിക്കൊണ്ട് ബയേണ്‍ ആധികാരികമായി ക്വാര്‍ട്ടറിലേക്ക് മുന്നേറി.
രണ്ടാം പാദ മത്സരത്തില്‍ ബയേണിനായി എറിക് മാക്‌സിം ചൗപ്പോ മോട്ടിങ്ങും സെര്‍ജി നാബ്രിയും വലകുലുക്കി. ഇരുഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 61-ാം മിനിറ്റില്‍ മോട്ടിങ്ങും 89-ാം മിനിറ്റില്‍ നാബ്രിയും ബയേണിനായി വലകുലുക്കി.
മറ്റൊരു പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടനത്തെ സമനിലയില്‍ തളച്ച് എ.സി.മിലാന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചതിന്റെ ആനുകൂല്യത്തിലാണ് മിലാന്‍ അവസാന എട്ടിലെത്തിയത്. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ആതിഥേയരെ മിലാന്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ടോട്ടനത്തിന്റെ പ്രതിരോധതാരം ക്രിസ്റ്റിയന്‍ റൊമേറോ 78-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി.
Content Highlights: psg knoked out from uefa champions league 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..