യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കമാകും. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ദിനത്തിലെ പ്രധാന പ്രത്യേകത മാഞ്ചെസ്റ്റര്‍ യുണൈറ്റഡും പി.എസ്.ജിയും തമ്മിലുള്ള മത്സരമാണ്. ഇവരെക്കൂടാതെ ശക്തരായ ബാര്‍സലോണ, യുവന്റസ്, ചെല്‍സി, സെവിയ്യ തുടങ്ങിയ ടീമുകളും ഇന്ന് കളത്തിലിറങ്ങും. 

ഗ്രൂപ്പ് എച്ചിലെ മത്സരത്തിലാണ് യുണൈറ്റഡും പി.എസ്.ജിയും ഏറ്റുമുട്ടുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയിരുന്നു. ആദ്യ പാദത്തില്‍ പി.എസ്.ജി വിജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ അവിശ്വസനീയമായി തിരിച്ചുവന്ന് യുണൈറ്റഡ് സെമിയിലേക്ക് യോഗ്യത നേടി. ആ തോല്‍വിയ്ക്ക് യുണൈറ്റഡിനോട് പകരം ചോദിക്കാനാണ് പി.എസ്.ജി ഇന്നിറങ്ങുനനത്. രാത്രി 12.30 നാണ് മത്സരം ആരംഭിക്കുന്നത്.

അന്നുള്ളതിനേക്കാള്‍ താരസമ്പന്നമാണ് ഇരുടീമുകളും. പി.എസ്.ജിയുടെ കുന്തമുനയായിരുന്ന എഡിന്‍സണ്‍ കവാനിയെ തട്ടകത്തിലെത്തിച്ച യുണൈറ്റഡ് ഇന്നത്തെ മത്സരത്തില്‍ താരത്തെ ഇറക്കും. യുണൈറ്റഡിന് വേണ്ടി കവാനി ഇറങ്ങുന്ന ആദ്യ മത്സരമാണിത്. എന്നാല്‍ കവാനി ഇറങ്ങുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഹാരി മഗ്വയര്‍ കളിക്കാത്തതിനാല്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലാണ് ടീമിറങ്ങുക. മറുഭാഗത്ത് നെയ്മര്‍, എംബാപ്പെ തുടങ്ങിയവരുടെ കരുത്തിലാണ് പി.എസ്.ജി ഇറങ്ങുന്നത്. 

മറ്റ് പ്രധാന മത്സരങ്ങളില്‍ യുവന്റസ് ഡൈനാമോ കീവിനെയും ബാര്‍സലോണ ഫെറെന്‍സ്വാരോസിനെയും ചെല്‍സി സെവിയ്യയെയും ലാസിയോ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടിനെയും കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ ലെയ്പ്‌സിഗ് ഇസ്താംബൂള്‍ ബസക്‌സെഹിറിനെയും നേരിടും. കാണികളില്ലാത്ത അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  

Content Highlights: PSG host Manchester United for one of the standout games of the opening round of UEFA Champions League