മ്യൂണിക്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫൈനലിനുമുമ്പുള്ള ഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യും നേര്‍ക്കുനേര്‍.

ക്വാര്‍ട്ടര്‍ഫൈനലിലെ ആദ്യപാദത്തില്‍ ബുധനാഴ്ച ഇരുടീമുകളും ഏറ്റുമുട്ടും. മറ്റൊരു ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയും പോര്‍ച്ചുഗല്‍ ക്ലബ്ബ് പോര്‍ട്ടോയും കളിക്കും. രണ്ടു മത്സരങ്ങളും ഇന്ന് രാത്രി 12.30 ന് നടക്കും.

കഴിഞ്ഞവര്‍ഷം ലീഗിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ഇത്തവണ ക്വാര്‍ട്ടറില്‍ കളിക്കുന്നത്. അന്ന് ബയേണ്‍ പി.എസ്.ജി.യെ തോല്‍പ്പിച്ചു.ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുമ്പോള്‍ ഗോളടിയന്ത്രം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ അഭാവം ബയേണിനെ അലട്ടുന്നു.

പരിക്കുമൂലം പോളിഷ് സ്‌ട്രൈക്കര്‍ കളിക്കാനില്ലാത്തത് ടീമിന് കനത്ത തിരിച്ചടിയാണ്. ലെവന്‍ഡോവ്‌സ്‌കിയുടെ അഭാവത്തിലും ബുണ്ടസ് ലിഗയില്‍ നന്നായി കളിക്കാന്‍ ടീമിനാകുന്നു. എന്നാല്‍, പി.എസ്.ജി.യുടെ ആക്രമണ ഫുട്‌ബോളിനെതിരേ സൂപ്പര്‍ താരത്തിന്റെ അഭാവം പ്രകടമാകും. പോളിഷ് താരത്തിന് പകരം ചൗപ്പോ മോട്ടിങ് കളിക്കും.

മറുവശത്ത് സൂപ്പര്‍ താരം നെയ്മര്‍ മടങ്ങിയെത്തിയതിന്റെ ആവേശം പി.എസ്.ജി.ക്കുണ്ട്. എന്നാല്‍, ഫ്രഞ്ച് ലീഗ് വണ്ണില്‍ നെയ്മര്‍ മടങ്ങിയെത്തിയ ആദ്യകളിയില്‍തന്നെ ടീം ലില്ലിനോട് തോറ്റു.

നെയ്മര്‍ ചുവപ്പുകാര്‍ഡും കണ്ടു. നെയ്മര്‍-കൈലിയന്‍ എംബാപ്പെ-മോസസ് കീന്‍ ത്രയമാകും മുന്നേറ്റത്തില്‍ കളിക്കുക.

പോര്‍ട്ടോയുടെ ഗ്രൗണ്ടിലാണ് അവരെ ചെല്‍സി നേരിടുന്നത്. ഇംഗ്ലീഷ് ലീഗില്‍ വെസ്റ്റ് ബ്രോംവിച്ചിനോട് തോറ്റശേഷമാണ് ടീം കളിക്കാനെത്തുന്നത്. പരിശീലകന്‍ തോമസ് ടുച്ചലിന് കീഴില്‍ ചെല്‍സിയുടെ ഏകതോല്‍വിയാണത്. എന്‍ഗോളെ കാന്റെക്കും ക്രിസ്റ്റ്യന്‍ പുലിസിച്ചിനും പരിക്കുള്ളത് ടീമിന് തിരിച്ചടിയാണ്.

മൗസ മറെഗ-ലൂയി ഡയസ് സഖ്യത്തിലാണ് പോര്‍ട്ടോയുടെ പ്രതീക്ഷ. ചെല്‍സിക്കെതിരേ ലീഗില്‍ കളിച്ച എട്ടു മത്സരങ്ങളില്‍ അഞ്ചിലും പോര്‍ട്ടോ തോറ്റിരുന്നു.

Content Highlights: PSG, Bayern, Chelsea and Porto will play in the quarter finals of champions league today