മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദ മത്സരങ്ങളില്‍ കരുത്തരായ ചെല്‍സിയ്ക്കും പി.എസ്.ജിയ്ക്കും വിജയം. തുല്യശക്തികളുടെ പോരാട്ടത്തില്‍ പി.എസ്.ജി ബയേണ്‍ മ്യൂണിക്കിനെ കീഴടക്കിയപ്പോള്‍ ചെല്‍സി പോര്‍ച്ചുഗീസ് വമ്പന്മാരായ പോര്‍ട്ടോയെ തോല്‍പ്പിച്ചു.

ബയേണിന്റെ ഹോം ഗ്രൗണ്ടില്‍വെച്ചുനടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ വിജയം. സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകള്‍ ടീമിന് വിജയം സമ്മാനിച്ചു. കളിയുടെ മൂന്നാം മിനിട്ടില്‍ തന്നെ ഗോള്‍ നേടിക്കൊണ്ട് എംബാപ്പെ പി.എസ്.ജിയ്ക്ക് ലീഡ് സമ്മാനിച്ചു. 28-ാം മിനിട്ടില്‍ മാര്‍ക്വിനോസ് സ്‌കോര്‍ ചെയ്തതോടെ പി.എസ്.ജിയുടെ ലീഡ് രണ്ടായി ഉയര്‍ന്നു.

രണ്ട് ഗോളുകള്‍ വഴങ്ങിയ ശേഷം ഉണര്‍ന്നുകളിച്ച ബയേണ്‍ 37-ാം മിനിട്ടില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. എറിക് മാക്‌സിം ചൗപോ മോട്ടിങ്ങാണ് ടീമിനായി ഗോള്‍ നേടിയത്. ഇതോടെ ആദ്യ പകുതിയില്‍ സ്‌കോര്‍ 2-1 എന്ന നിലയിലായി. രണ്ടാം പകുതിയില്‍ 60-ാം മിനിട്ടില്‍ തോമസ് മുള്ളര്‍ ഒരു തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ബയേണിന് വേണ്ടി രണ്ടാം ഗോള്‍ നേടിയതോടെ സ്‌കോര്‍ 2-2 എന്ന നിലയിലായി. ഇതോടെ കളി ആവേശത്തിലായി. എന്നാല്‍ ബയേണിന്റെ ആശ്വാസത്തിന് വെറും എട്ട് മിനിട്ട് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 68-ാം മിനിട്ടില്‍ സ്‌കോര്‍ ചെയ്ത് എംബാപ്പെ പി.എസ്.ജിയ്ക്കായി വിജയഗോള്‍ നേടി. 

സൂപ്പര്‍താരം ലെവന്‍ഡോവ്‌സ്‌കി പരിക്കുമൂലം പുറത്തായത് ബയേണിന് തിരിച്ചടിയായി. മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ മുന്നേറ്റ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി പോര്‍ട്ടോയെ കീഴടക്കിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്താന്‍ ചെല്‍സിയ്ക്ക് സാധിച്ചു. പോര്‍ട്ടോയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ 32-ാം മിനിട്ടില്‍ മേസണ്‍ മൗണ്ടിലൂടെ ചെല്‍സി ലീഡെടുത്തു. 85-ാം മിനിട്ടില്‍ ബെന്‍ ചില്‍വെല്‍ ടീമിനായി രണ്ടാം ഗോള്‍ നേടി. ഈ വിജയത്തോടെ വിലപ്പെട്ട രണ്ട് എവേ ഗോളുകളുടെ ആനുകൂല്യവും ചെല്‍സി സ്വന്തമാക്കി. 

ചെല്‍സിയുടെയും പി.എസ്.ജിയുടെയും രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഏപ്രില്‍ 14 ന് നടക്കും. 

Content Highlights: PSG and Chelsea celebrates victory in the fist leg quarter finals of champions league