മാഞ്ചെസ്റ്റര്‍: ഓള്‍ഡ്ട്രാഫോഡ് സ്‌റ്റേഡിയത്തിന്റെ അകത്തും പുറത്തും സമാധാനം  നഷ്ടപ്പെട്ട് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. 

യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി സഹകരിച്ചതുമായി ബന്ധപ്പെട്ട് ഉടമകളായ ഗ്ലേസര്‍ കുടുംബത്തിനെതിരേ ഓള്‍ഡ്ട്രാഫോഡിന്റെ പുറത്ത് ആരാധക പ്രതിഷേധം നടന്ന ദിവസം തന്നെ സ്‌റ്റേഡിയത്തിനകത്ത് ലിവര്‍പൂളിനോട് തോറ്റ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. 

രണ്ടിനെതിരേ നാലു ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ ലിവര്‍പൂള്‍ തകര്‍ത്തത്. 11 ദിവസങ്ങള്‍ക്കു മുമ്പ് ആരാധകരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് മാറ്റിവെച്ച മത്സരമായിരുന്നു ഇത്. അന്ന് യുണൈറ്റഡ് താരങ്ങളെ അവര്‍ താമസിച്ച ഹോട്ടലിനു മുന്നില്‍ തടഞ്ഞ ആരാധകര്‍ ഓള്‍ഡ്ട്രാഫോര്‍ഡ് മൈതാനവും കൈയേറിയിരുന്നു. 

യര്‍ഗന്‍ ക്ലോപ്പ് പരിശീലകനായ ശേഷം ഇതാദ്യമായാണ് ലിവര്‍പൂള്‍, യുണൈറ്റഡിനെ ഓള്‍ഡ്ട്രാഫോര്‍ഡില്‍ തോല്‍പ്പിക്കുന്നത്. 

കളിയുടെ 10-ാം മിനിറ്റില്‍ തന്നെ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. 

എന്നാല്‍ പതിയെ കളിയിലേക്ക് മടങ്ങിയെത്തിയ ലിവര്‍പൂള്‍ 34-ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയിലൂടെ ഗോള്‍ മടക്കി. പിന്നാലെ ആദ്യ പകുതിയയുടെ അധിക സമയത്ത് റോബര്‍ട്ടോ ഫിര്‍മിനോ ചെമ്പടയെ മുന്നിലെത്തിച്ചു. ഒരു ഫ്രീകിക്കില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ഫിര്‍മിനോയുടെ ഗോള്‍. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫിര്‍മിനോ ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി. പിന്നാലെ ലിവര്‍പൂള്‍ നിരന്തരം യുണൈറ്റഡ് പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിട്ടു. 

ഇതിനിടെ സോള്‍ഷ്യര്‍ ഫ്രെഡിനെ പിന്‍വലിച്ച് ഗ്രീന്‍വുഡിനെ കളത്തിലിറക്കി. അതോടെ യുണൈറ്റഡ് പതിയെ താളം കണ്ടെത്തി. 68-ാം മിനിറ്റില്‍ കവാനിയുടെ പാസില്‍ നിന്ന് മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ലിവര്‍പൂളിന്റെ വലകുലുക്കി.

മൂന്നാം ഗോളിനായി യുണൈറ്റഡ് കിണഞ്ഞ് ശ്രമിക്കവെ 90-ാം മിനിറ്റില്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ മുഹമ്മദ് സലാ ലിവര്‍പൂളിന്റെ നാലാം ഗോളും നേടി. 

തോറ്റെങ്കിലും 36 മത്സരങ്ങളില്‍ നിന്ന് 70 പോയന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനം നിലനിര്‍ത്തി. 35 മത്സരങ്ങളില്‍ നിന്ന് 60 പോയന്റുള്ള ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്താണ്.

Content Highlights: Protests outside Manchester United loses to Liverpool inside