ലണ്ടന്‍: ചെല്‍സിയുടെ പുതിയ പരിശീലകനായി ജര്‍മന്‍ കോച്ച് തോമസ് ടുച്ചലിനെ നിയമിച്ചു. സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് മുന്‍ പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡ് പുറത്തുപോയ ഒഴിവിലാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ മുന്‍ പരിശീലകന്‍ കൂടിയായ തോമസ് ടുച്ചല്‍ നിയമിതനാകുന്നത്.

18 മാസത്തേക്കാണ് കരാര്‍. പി.എസ്.ജിയെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച പരിശീലകനാണ്. ചെല്‍സിയെ പരിശീലിപ്പിക്കുന്ന ആദ്യ ജര്‍മന്‍ പരിശീലകനെന്ന പ്രത്യേകതയും ടുച്ചലിനുണ്ട്. 

റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രമോവിച്ച് 2003-ല്‍ ചെല്‍സിയെ ഏറ്റെടുത്ത ശേഷം നിയമിതനാകുന്ന 13-ാമത്തെ മാനേജറാണ് 47-കാരനായ ടുച്ചല്‍.

ഈ സീസണില്‍ 2000 കോടിയോളം രൂപ കളിക്കാരെ കൊണ്ടുവരാന്‍ ചെല്‍സി ചെലവിട്ടിരുന്നു. എന്നാല്‍ ഇതിനനുസരിച്ചുള്ള ഫലമില്ലാതായതാണ് ലാംപാര്‍ഡിന്റെ കസേരയിളക്കിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ടീം. അവസാന അഞ്ച് കളിയില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാന്‍ ടീമിനായത്.

Content Highlights: Premier League side Chelsea Appoint Thomas Tuchel As Manager