
ഗാരെത് സൗത്ത്ഗേറ്റ് | Photo: https:||twitter.com|England
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അഞ്ച് പകരക്കാര്‍ക്ക് കളിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം കോച്ച് ഗാരെത് സൗത്ത്ഗേറ്റ് രംഗത്ത്. നിലവില്‍ മൂന്നു സബ്സ്റ്റിറ്റിയൂട്ടുകളെയാണ് ഒരു മത്സരത്തില്‍ ഒരു ക്ലബിന് ഇറക്കാനാകുക. ഈ സംവിധാനത്തിന് മാറ്റം വരണമെന്ന് സൗത്ത്ഗേറ്റ് ആവശ്യപ്പെട്ടു.
പകരക്കാരുടെ എണ്ണം മൂന്നായി ചുരുങ്ങുന്നതോടെ ബാക്കി എട്ടുകളിക്കാര് 90 മിനിട്ടും കളിക്കേണ്ടി വരും. ഇത് താരങ്ങള്‍ക്ക് കൂടുതല്‍ പരിക്ക് പറ്റാന്‍ ഇടവരുത്തും. അഞ്ചു പകരക്കാരെ ഇറക്കാന്‍ സാധിച്ചാല്‍ പരിക്കില്‍ നിന്നും താരങ്ങള്‍ക്ക് ഒരു പരിധിവരെ മോചനം ലഭിക്കുമെന്ന് സൗത്ത്ഗേറ്റ് പറയുന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിക്കേറ്റ താരങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതോടെയാണ് സൗത്ത്ഗേറ്റ് പുതിയ നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി മുന്നിട്ടിറങ്ങിയത്. ക്ലബ് മത്സരങ്ങളില്‍ പരിക്കേല്‍ക്കുന്ന താരങ്ങള്‍ക്ക് നിര്‍ണായകമായിട്ടുള്ള പല അന്താരാഷ്ട്ര മത്സരങ്ങളിലും കളിക്കാന്‍ സാധിക്കാറില്ല.
മറ്റ് പല ലീഗുകളിലും ഈ സംവിധാനം നിലനില്‍ക്കുമ്പോഴും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇപ്പോഴും മൂന്നുപേര്‍ക്ക് മാത്രമേ പകരക്കാരായി ഇറങ്ങാനാകൂ. ബെല്‍ജിയത്തോട് തോല്‍വി വഴങ്ങി നേഷന്‍സ് ലീഗില്‍ നിന്നും ഇംഗ്ലണ്ട് പുറത്തായ പശ്ചാത്തലത്തിലാണ് സൗത്ത്ഗേറ്റ് പ്രതിഷേധമുയര്‍ത്തിയത്. ക്ലബ് മത്സരങ്ങളിലേറ്റ പരിക്കുമൂലം സ്റ്റെര്‍ലിങ്, മഗ്വയര്‍, വാര്‍ഡി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് മത്സരത്തില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.
Content Highlights: Premier League must rethink option to use five substitutes, says Southgate
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..