ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ബ്രോമിനെതിരേ തകര്‍പ്പന്‍ ജയവുമായി മാഞ്ചെസ്റ്റര്‍ സിറ്റി, യുണൈറ്റഡിനെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാമത്. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം.

ഇല്‍കായി ഗുണ്‍ഡോഗന്‍ ഇരട്ട ഗോളുകളുമായി തിളങ്ങി. ഗുണ്‍ഡോഗനിലൂടെ ആറാം മിനിറ്റില്‍ തന്നെ സിറ്റി മുന്നിലെത്തി. 20-ാം മിനിറ്റില്‍ ജോ കാന്‍സെലോ ലീഡിയര്‍ത്തിയപ്പോള്‍ 30-ാം മിനിറ്റില്‍ ഗുണ്‍ഡോഗന്‍ തന്റെ രണ്ടാം ഗോളും നേടി.

ആദ്യ പകുതിയിലെ അധിക സമയത്ത് റിയാദ് മെഹരസ് സിറ്റിയുടെ നാലാം ഗോള്‍ നേടി. 57-ാം മിനുട്ടില്‍ റഹിം സ്റ്റെര്‍ലിങ് സിറ്റിയുടെ ഗോള്‍ പട്ടിക തികച്ചു.

ജയത്തോടെ 19 മത്സരത്തില്‍ നിന്ന് 41 പോയിന്റുമായാണ് സിറ്റി ലീഗില്‍ ഒന്നാമതെത്തിയത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 40 പോയന്റുള്ള യുണൈറ്റഡാണ് രണ്ടാമത്.

സതാംപ്ടണെ തകര്‍ത്ത് ആഴ്‌സണല്‍

പ്രീമിയര്‍ ലീഗില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് സതാംപ്ടണെ തകര്‍ത്ത് ആഴ്‌സണല്‍. 

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ സ്‌കോര്‍ ചെയ്ത് സതാംപ്ടണ്‍ ആഴ്‌സണലിനെ ഞെട്ടിച്ചിരുന്നു. സ്റ്റുവര്‍ട്ട് ആംസ്‌ട്രോങ്ങാണ് സ്‌കോര്‍ ചെയ്തത്. 

പക്ഷേ ആ ലീഡിന് വെറും അഞ്ചു മിനിറ്റിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എട്ടാം മിനിറ്റില്‍ നിക്കോളാസ് പെപ്പെയിലൂടെ ഗണ്ണേഴ്‌സ് ഒപ്പമെത്തി. 

39-ാം മിനിറ്റില്‍ ബുക്കായോ സാക്ക ഗണ്ണേഴ്‌സിന്റെ ലീഡുയര്‍ത്തി. 72-ാം മിനിറ്റില്‍ അലക്സാന്‍ഡ്രെ ലാക്കാസെറ്റെ ആഴ്‌സണലിന്റെ ഗോള്‍പട്ടിക തികച്ചു.

ജയത്തോടെ 20 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി എട്ടാം സ്ഥാനത്താണ് ആഴ്‌സണല്‍.

Content Highlights: Premier League Manchester City thrash West Brom to Move Top Of The table