ലണ്ടന്‍: ഇഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വന്തം മൈതാനത്ത് ആഴ്‌സണലിനെ തകര്‍ത്തുവിട്ട് ലിവര്‍പൂള്‍.

എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ചെമ്പട ഗണ്ണേഴ്‌സിനെ തകര്‍ത്തുവിട്ടത്. ലീഗില്‍ സമീപ കാലത്തെ മികച്ച പ്രകടനമൊന്നും ആന്‍ഫീല്‍ഡില്‍ ആഴ്സണലിന്റെ തുണയ്‌ക്കെത്തിയില്ല.

39-ാം മിനിറ്റില്‍ അലക്സാണ്ടര്‍ അര്‍ണോള്‍ഡിന്റെ മികച്ചൊരു ഫ്രീകിക്കില്‍ നിന്ന് ഹെഡറിലൂടെ സാദിയോ മാനെ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. 52-ാം മിനിറ്റില്‍ ആഴ്‌സണല്‍ താരം നുനോ ടവാരസിന്റെ പിഴവില്‍ നിന്ന് ഡിയോഗോ ജോട്ട ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി.

73-ാം മിനിറ്റില്‍ മികച്ചൊരു കൗണ്ടര്‍ അറ്റാക്കിലാണ് മുഹമ്മദ് സലായുടെ ഗോള്‍വരുന്നത്. മുന്നേറ്റത്തിനൊടുവില്‍ മാനെ നല്‍കിയ പന്ത് സലാ വലയിലെത്തിക്കുകയായിരുന്നു. സീസണില്‍ താരത്തിന്റെ 11-ാം ഗോളായിരുന്നു ഇത്. 77-ാം മിനിറ്റില്‍ ടീകുമി മിനമിനോ ലിവര്‍പൂളിന്റെ ഗോള്‍പട്ടിക തികച്ചു. സലായും അലക്‌സാണ്ടര്‍ അര്‍ണോള്‍ഡും ചേര്‍ന്നുള്ള മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിനിടെ ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പും ആഴ്‌സണല്‍ പരിശീലകന്‍ ആര്‍ട്ടേറ്റയും തമ്മില്‍ മൈതാനത്ത് ചെറിയ കശപിശയുണ്ടായി. 

ജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 25 പോയന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്താണ്. 20 പോയന്റുമായി ആഴ്‌സണല്‍ അഞ്ചാമതും.

premier league liverpool thrash arsenal watford thumped manchester united

വാറ്റ്‌ഫോര്‍ഡിനോട് നാണംകെട്ട് യുണൈറ്റഡ്

അതേസമയം മറ്റൊരു മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വാറ്റ്‌ഫോര്‍ഡിനോട് ദയനീയമായി തോറ്റു. വാറ്റ്‌ഫോര്‍ഡിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളിനാണ് ഒലെ ഗണ്ണര്‍ സോള്‍ഷ്യറുടെ സംഘം തോറ്റത്. തോല്‍വിയോടെ യുണൈറ്റഡ് പരിശീലകന്‍ ഒലെയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായി.

28-ാം മിനിറ്റില്‍ ജോഷ്യ കിങ്ങിലൂടെ വാറ്റ്‌ഫോര്‍ഡ് മുന്നിലെത്തി. പിന്നാലെ 44-ാം മിനിറ്റില്‍ ഇസ്മയ്‌ല സാര്‍ അവരുടെ ലീഡുയര്‍ത്തി.

50-ാം മിനിറ്റില്‍ വാന്‍ഡെ ബീക്കിലൂടെ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ യുണൈറ്റഡിനായി. എന്നാല്‍ ഇന്‍ജുറി ടൈമില്‍ ജാവോ പെഡ്രോയും ബൊണവെന്‍ച്വറും സ്‌കോര്‍ ചെയ്തതോടെ യുണൈറ്റഡിന്റെ യുണൈറ്റഡിന്റെ പതനം പൂര്‍ത്തിയായി. 

69-ാം മിനിറ്റില്‍ ഹാരി മഗ്വയര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ശേഷിച്ച സമയം 10 പേരുമായാണ് യുണൈറ്റഡ് മത്സരം പൂര്‍ത്തിയാക്കിയത്.

Content Highlights: premier league liverpool thrash arsenal watford thumped manchester united