ലണ്ടന്‍: ലിവര്‍പൂളിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനത്തിനു പിന്നിലെ പ്രധാന ശക്തി അവരുടെ സൂപ്പര്‍താരമായ മുഹമ്മദ് സലായായിരുന്നു. സലാ തിളങ്ങിയ കഴിഞ്ഞ സീസണില്‍, ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്താനും ചെമ്പടയ്ക്കായി.
മാത്രമല്ല ഇത്തവണ സലായെ ടീമിലെത്തിക്കാന്‍ പല വമ്പന്‍ ടീമുകളും രംഗത്തിറങ്ങിയെങ്കിലും ആന്‍ഫീല്‍ഡ് വിടില്ലെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ തങ്ങളുടെ പ്രധാന താരത്തിനെതിരെ കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ പോലീസിനെ സമീപിച്ചു. കാറോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ക്ലബ്ബ് അധികൃതര്‍ സലായ്‌ക്കെതിരേ പോലീസിനെ സമീപിച്ചത്.

ട്രാഫിക് സിഗ്നല്‍ കാത്തുകിടക്കുന്ന കാറില്‍ വെച്ച് സലാ ഫോണ്‍ ഉപയോഗിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. റോഡില്‍ വെച്ച് സലായ്ക്കു ചുറ്റും ആരാധകര്‍ കൂടിനില്‍ക്കുന്നതും. സലാ ഇതൊന്നും ശ്രദ്ധിക്കാതെ ഫോണ്‍ ഉപയോഗിക്കുന്നതുമായിരുന്നു വീഡിയോയില്‍.

ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ലിവര്‍പൂള്‍ അധികൃതര്‍ മെഴ്‌സിസൈഡ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. താരത്തോട് സംസാരിച്ച ശേഷമാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചതെന്ന് ക്ലബ്ബ് വക്താവ് വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ക്ലബ്ബ് വ്യക്തമാക്കി.

ഇംഗ്ലണ്ടിലെ നിയമപ്രകാരം വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. യാത്രയ്ക്കിടെ ലൈറ്റോടുകൂടി കാര്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴും സിഗ്‌നല്‍ കാത്ത് കിടക്കുമ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും കുറ്റകരമാണ്.

Content Highlights: premier league, liverpool, mohamed salah