Photo; Twitter/Aston villa
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിന്റെ അവസാനദിനമാണിന്ന്. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും കിരീടപോരാട്ടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. അവസാനദിനത്തില്‍ ടീമുകളെല്ലാം മത്സരിക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് സ്റ്റീവന്‍ ജെറാര്‍ഡിനേയാണ്. അദ്ദേഹത്തിന്റെ തന്ത്രങ്ങളേയാണ്. ആസ്റ്റണ്‍ വില്ലയുടെ പരിശീലകനായ ജെറാര്‍ഡ് ഇന്ന് നിര്‍ണായകമായ പോരാട്ടത്തിന്റെ തയ്യാറെടുപ്പിലാണ്. അവരുടെ എതിരാളികള്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. സിറ്റിക്ക് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിക്കാനാവാതെ വന്നാല്‍ ഒരുപക്ഷേ ലിവര്‍പൂളിന് കിരീടത്തിലേക്കുളള വഴി തെളിയും. അതിന് സാധിക്കുമോ എന്നറിയാന്‍ മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രം.
പോയന്റ് പട്ടികയില്‍ ഒന്നാമതുളള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 37 മത്സരങ്ങളില്‍ നിന്നായി 90 പോയന്റാണുളളത്. രണ്ടാമതുളള ലിവര്‍പൂളിന് 89 പോയന്റുമാണുളളത്. അവസാന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആസ്റ്റണ്‍ വില്ലയും ലിവര്‍പൂളിന് വോള്‍വ്‌സുമാണ് എതിരാളികള്‍. ഇന്ന് വില്ലയെ തോല്‍പ്പിച്ചാല്‍ സിറ്റിക്ക് കിരീടം നേടാം. ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ലിവര്‍പൂളിന്റെ മത്സരഫലം നിര്‍ണായകമാകും.
ലിവര്‍പൂളിന് കിരീടം നേടണമെങ്കില്‍ ജയം അനിവാര്യമാണ്. ലിവര്‍പൂള്‍ വോള്‍വ്‌സുമായി സമനിലയിലാകുകയും സിറ്റി തോല്‍ക്കുകയും ചെയ്താല്‍ ഇരുടീമുകള്‍ക്കും 90 പോയന്റാകും. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ മുന്നിലുളളത് സിറ്റിക്ക് അനുകൂലമാകും. വോള്‍വ്‌സിനെ തോല്‍പ്പിക്കുകയും ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയിക്കാന്‍ സാധിക്കാതെയും വന്നാല്‍ ലിവര്‍പൂളിന് കിരീടം നേടാം.
കിരീടപ്പോരാട്ടത്തിന് പുറമെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയ്ക്കായും തരം താഴ്ത്തപ്പെടാതിരിക്കാനും കടുത്ത പോരാട്ടമാണ്. ആദ്യ നാലില്‍ എത്തി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ഉറപ്പിക്കാന്‍ ആഴ്‌സണലും ടോട്ടനവുമാണ് പോരാടുന്നത്. ടോട്ടനത്തിന് നോര്‍വിച്ച് സിറ്റിയും ആഴ്‌സണലിന് എവര്‍ട്ടുമാണ് എതിരാളികള്‍. 37 മത്സരങ്ങളില്‍ നിന്ന് ടോട്ടനത്തിന് 68 പോയന്റും ആഴ്‌സണലിന് 66 പോയന്റുമാണുളളത്. അവസാനദിനത്തിലെ മത്സരഫലം നിര്‍ണായകമാണ്.
പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെടുന്ന മൂന്നാമത്തെ ടീമേതെന്നും ഇന്നറിയാം. ബേണ്‍ലിയും ലീഡ്‌സ് യുണൈറ്റഡുമാണ് തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ടീമുകള്‍. ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരങ്ങള്‍ നിര്‍ണായകമാണ്. വാട്ട്‌ഫോര്‍ഡും നോര്‍വിച്ച് സിറ്റിയും നേരത്തേ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടിരുന്നു.
Content Highlights: premier league final day
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..